കുട്ടിക്കടത്തുണ്ടായിട്ടില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
കുട്ടികള്‍ വന്നത് കേരളത്തില്‍ പഠിക്കാന്‍
ന്യൂഡല്‍ഹി: കേരളത്തിലെ വിവാദമായ യതീംഖാന കുട്ടിക്കടത്ത് കേസില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് സുപ്രിംകോടതിയില്‍ ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാന്‍ പോയതായിരുന്നുവെന്നും മനുഷ്യക്കടത്തോ നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങളോ ഇതിലുണ്ടായിട്ടില്ലെന്നും ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കേരള ഹൈക്കോടതിയുടെ 2015ലെ വിധിക്കെതിരേ മുക്കം മുസ്‌ലിം ഓര്‍ഫനേജ്, വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ യതീംഖാന എന്നീ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ബിഹാര്‍ സാമൂഹിക ക്ഷേമ വകുപ്പ് ഇപ്പോള്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
2014ല്‍ ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് 455 കുട്ടികളെ നിയമവിരുദ്ധമായി കൊണ്ടുവന്നുവെന്നായിരുന്നു കേസ്. ഇതു സംബന്ധിച്ച് ജാര്‍ഖണ്ഡ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് ചൂണ്ടിക്കാട്ടി 2017ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു. മതിയായ രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് റെയില്‍വേ പൊലിസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് യതീംഖാനകളുടെ മറവില്‍ മനുഷ്യക്കടത്തെന്ന പേരില്‍ വിവാദമാകുകയും ജുവൈനല്‍ നിയമപ്രകാരം കേരളത്തില്‍ കേസെടുക്കുകയും ചെയ്തു. കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രങ്ങളിലേക്കും അവര്‍ക്കൊപ്പമുള്ള മുതിര്‍ന്നവരെ പൊലിസ് കസ്റ്റഡിയിലേക്കും മാറ്റിയിരുന്നു.
ആകെയുള്ള 455 കുട്ടികളില്‍ 207 പേര്‍ കേരളത്തിലെ യതീംഖാനയില്‍ പഠിക്കുന്ന ബിഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ ആണെന്നും മധ്യവേനല്‍ അവധി കഴിഞ്ഞ് ഇവര്‍ തിരിച്ച് പോകുകയായിരുന്നുവെന്നും ബിഹാര്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു 248 കുട്ടികള്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ തേടി ആദ്യമായി അവിടേക്ക് യാത്ര ചെയ്യുന്നവരായിരുന്നു. കുടെയുണ്ടായിരുന്ന 33 പുരുഷന്‍മാരും 10 സ്ത്രീകളുമുള്‍പ്പെട്ട സംഘം ഈ കുട്ടികളുടെ ബന്ധുക്കളാണ്. പശ്ചിമബംഗാളില്‍നിന്ന് എത്തിയ 123 കുട്ടികളെയും കൂടെയുള്ള എട്ടു മുതിര്‍ന്നവരെയും കസ്റ്റഡിയിലെടുത്തിരുന്നു. അവരും പഠിക്കാന്‍ വന്നതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വിഷയം പഠിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിക്കുകയും സമിതി കേരളം സന്ദര്‍ശിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ അനുമതിയോടെ എത്തിയതാണ് കുട്ടികളെന്നും അവര്‍ വിദ്യാര്‍ത്ഥികളാണെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇത് സത്യവാങ്മൂലത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."