നോട്ടു തരും യന്ത്രം
ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍ എന്നാണ് എ.ടി.എമ്മിന്റെ പൂര്‍ണ രൂപം. എനി ടൈം മണി എന്നതാണ് ഓരോ എ.ടി.എമ്മിന്റേയും പ്രത്യേകത. ഇന്ത്യയില്‍ ഇന്ന് രണ്ടുലക്ഷത്തിലേറെ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ ഈ മെഷീന്റെ മുന്‍ഗാമി 1969ല്‍ ഡോക്യൂടെല്‍ എന്ന കമ്പനി നിര്‍മിച്ച ഡോക്യുടെല്‍ എന്ന മെഷീനാണ്. ഡൊണാള്‍ഡ് സി വെറ്റ്‌സല്‍ ആണ് ഈ മെഷീന്‍ നിര്‍മിച്ചത്.
കണ്ടെത്തലിന് പിന്നില്‍
ഒരു ശനിയാഴ്ച വൈകുന്നേരം
അല്‍പ്പം പണമെടുക്കാനായി ബാങ്കിലേക്ക് പോയതായിരുന്നു ജോണ്‍ അഡ്രിയന്‍ ഷെപ്പേഡ് ബാരണ്‍ എന്ന സ്‌കോട്ടിഷ് എന്‍ജിനീയര്‍. അവിടെ എത്തിയപ്പോഴേക്കും ബാങ്കിങ് സമയം കഴിഞ്ഞത് മൂലം പണം ലഭിക്കാതെ മടങ്ങി. ഞായറാഴ്ച പത്ത് പൗണ്ടിന്റെ ആവശ്യമുണ്ടായിരുന്ന അദ്ദേഹം ബാങ്കിങ് സമയം കഴിഞ്ഞാലും പണം ലഭ്യമാകുന്ന ഒരു സംവിധാനത്തെ കുറിച്ച് അന്ന് ചിന്തിച്ചു. ആ കാലത്ത് പണമിട്ടാല്‍ ചോക്ലേറ്റ് ലഭിക്കുന്ന ഡിസ്‌പെന്‍സിങ് മെഷീനുകള്‍ സുലഭമായിരുന്നു. ചോക്ലേറ്റിന് പകരം പണം ലഭിക്കുന്ന സംവിധാനത്തെക്കുറിച്ചായിരുന്നു ജോണ്‍ അഡ്രിയന്റെ ചിന്ത.
എ.ടി.എം വരുന്നു
ആദ്യത്തെ എ.ടി.എം പ്ലാസ്റ്റിക് കാര്‍ഡ് ആയിരുന്നില്ല. ചെക്കുകളുടെ മോഡലില്‍ അച്ചടിച്ച ഒരു ടോക്കണ്‍ ആയിരുന്നു മെഷീനില്‍ നിക്ഷേപിക്കേണ്ടിയിരുന്നത്. കാര്‍ബണ്‍14 എന്ന റേഡിയോ ആക്ടീവ് പദാര്‍ഥം പൂശിയ ഈ ചെക്ക് നിക്ഷേപിച്ചാല്‍ പത്ത് പൗണ്ടിന്റെ നോട്ട് അടങ്ങിയ ഒരു കവര്‍ ലഭിക്കും. നിക്ഷേപിക്കുന്ന ചീട്ട് ഒറ്റത്തവണത്തെ ഉപയോഗത്തിന് മാത്രമുള്ളതായിരുന്നു. പിന്നീട് ഇവ തിരിച്ച് കിട്ടിയിരുന്നില്ല. ഒരു അവധി ദിവസത്തിലെ ചെലവിന് ആ തുക മതി എന്ന നിഗമനത്തിലായിരുന്നു തുക പത്ത് പൗണ്ടാക്കി മാറ്റിയത്.1967 ജൂണില്‍ ബാര്‍ക്ലേസ് ബാങ്കിന്റെ വടക്കന്‍ ലണ്ടനിലെ ഒരു ശാഖയിലാണ് ഈ എ.ടി.എം മെഷീന്‍ സ്ഥാപിക്കപ്പെട്ടത്.
നാലക്കം
എ.ടി.എമ്മിലെ പാസ്‌വേര്‍ഡ് ആയി ആദ്യം തൊട്ടേ നാലക്കമായിരുന്നു നിലവിലുണ്ടായിരുന്നത്. പ്രാരംഭ ഘട്ടത്തില്‍ ആറക്ക പാസ്‌വേഡിനെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും അത്രയും അക്കങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍ സാധിക്കില്ലെന്ന ജോണ്‍ ബാരണിന്റെ ഭാര്യയുടെ നിര്‍ദേശ പ്രകാരമാണ് പാസ്‌വേഡ് നാലക്കമാക്കി ചുരുക്കിയത്.
ആദ്യകാല എ.ടി.എമ്മില്‍ വ്യത്യസ്ത നമ്പറുകളാണ് ഓരോ തവണയും ഉപയോഗിക്കേണ്ടിയിരുന്നത്. എ.ടി.എം കാര്‍ഡിലെ പിന്‍ കോഡായി ഒരു നമ്പറും പ്രസ്തുത കാര്‍ഡില്‍ വ്യക്തി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയും 1965ല്‍ നിലവില്‍ വന്നതാണ്.
ജയിംസ് ഗുഡ് ഫെലോ എന്ന ശാസ്ത്രജ്ഞനാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. 1968ല്‍ അമേരിക്കയിലെ ഡാലസില്‍ നെറ്റ് വര്‍ക്ക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇംഗ്ലണ്ടില്‍ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ആദ്യത്തെ എ.ടി.എം
ആദ്യത്തെ എ.ടി.എം 1960ല്‍ ജോര്‍ജ് സിംജിയന്‍ എന്ന അമേരിക്കക്കാരനാണ് നിര്‍മിച്ചത്. എന്നാല്‍ വേണ്ടത്ര ജനകീയമാകാത്തതിനാല്‍ പ്രസ്തുത മെഷീന്‍ ആറ് മാസങ്ങള്‍ക്ക് ശേഷം നീക്കം ചെയ്യുകയുണ്ടായി. ഇതിന് ശേഷമാണ് ജോണ്‍ അഡ്രിയന്‍ ഷെപ്പേഡ് ബാരണിന്റെ എ.ടി.എമ്മിന്റെ വരവ്.
എ.ടി.എമ്മിന്റെ ഇന്ത്യന്‍ ബന്ധം
എ.ടി.എം കണ്ടുപിടിച്ച ജോണ്‍ അഡ്രിയന്‍ ഷെപ്പേഡ് ബാരണ്‍ 1925ല്‍ ഇന്ത്യയിലെ ഷില്ലോങിലാണ് ജനിച്ചത്.
അദ്ദേഹത്തിന്റെ പിതാവ് വില്‍ഫ്രഡ് ഷെപ്പേര്‍ഡ് ബാരണ്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ചിറ്റഗോങ് പോര്‍ട്ട് കമ്മിഷണേഴ്‌സില്‍ ചീഫ് എന്‍ജിനീയറായിരുന്നതിനാല്‍ ജോണ്‍ ബാരണിന്റെ ജനന സമയത്ത് ഇന്ത്യയിലായിരുന്നു താമസിച്ചിരുന്നത്.
ആദ്യത്തെ ഇന്ത്യന്‍ എ.ടി.എം
എച്ച്.എസ്.ബി.സി ബാങ്കാണ് (ദി ഹോംഗോങ് ആന്റ് ഷാങ്ഹായി ബാങ്കിംഗ് കോര്‍പറേഷന്‍) ഇന്ത്യയില്‍ ആദ്യത്തെ എ.ടി.എം സ്ഥാപിച്ചത്. 1987 ല്‍ മുംബെയില്‍ ആയിരുന്നു അത്. എ.ടി.എം കേരളത്തിലെത്തുന്നത് 1993ല്‍ ആണ്. ബ്രിട്ടിഷ് ബാങ്ക് ഓഫ് ദി മിഡില്‍ ഈസ്റ്റ് ആണ് ഈ സംവിധാനം കൊണ്ടു വന്നത്. തിരുവനന്തപുരത്തെ വെള്ളയമ്പലത്തായിരുന്നു ഇത്.
ഓര്‍ഡര്‍ ഓഫ് ദി
ബ്രിട്ടീഷ് എമ്പയര്‍
2005 ല്‍ ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയര്‍ എന്ന ബഹുമതി എ.ടി.എം കണ്ടെത്തലിന്റെ പേരില്‍ ജോണ്‍ ബാരണെ തേടിയെത്തി. എന്നാല്‍ എ.ടി.എമ്മിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട അവകാശത്തര്‍ക്കം ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. ഇന്നത്തെ എ.ടി.എമ്മിന്റെ കണ്ടെത്തലിന് പിന്നില്‍ താനായിരുന്നെന്ന് ജയിംസ് ഗുഡ് ഫെലോ എന്ന സ്‌കോട്ടിഷ് ശാസത്രജ്ഞനാണ് അവകാശമുന്നയിച്ചത്.
എ.ടി.എം സമരം
എ.ടി.എം വന്നാല്‍ ബാങ്ക് ജീവനക്കാരുടെ ജോലി പോകുമെന്ന് പറഞ്ഞ് ലോകത്ത് വിവിധ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ നടന്നിട്ടുണ്ട്. കംപ്യൂട്ടര്‍ പ്രചാരത്തില്‍ വരാത്ത ആദ്യ കാലത്ത് എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കുന്ന തുകയുടെ കണക്കുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മാത്രമേ ബാങ്ക് ജീവനക്കാര്‍ക്ക് വീടുകളിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചിരുന്നുള്ളൂ. ഇതോടെ പണി പോകുമെന്ന് സമരം ചെയ്തവര്‍ പണി കൂടിയതിന്റെ പേരില്‍ സമരം ചെയ്യാന്‍ തുടങ്ങി.
ഒഴുകുന്ന എ.ടി.എം
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം 2004 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നിന്നും വൈപ്പിനിലേക്ക് പോകുന്ന ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നേവിഗേഷന്‍ കോര്‍പറേഷന്റെ ജങ്കാറില്‍ സ്ഥാപിക്കപ്പെട്ടതാണ്. എസ്.ബി.ഐ ആണ് ഈ എ.ടി.എം സ്ഥാപിച്ചത്.
എ.ടി.എം കാര്‍ഡ്
ബാങ്ക് കാര്‍ഡ്, മണി ആക്‌സസ് കാര്‍ഡ്, ക്ലയന്റ് കാര്‍ഡ്, കീ കാര്‍ഡ്, ക്യാഷ് കാര്‍ഡ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന എ.ടി.എം കാര്‍ഡുകളില്‍ ആദ്യകാലത്ത് മാഗ്നറ്റിക് സാങ്കേതികവിദ്യയായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ പുറത്തിറങ്ങുന്ന എ.ടി.എം കാര്‍ഡില്‍ ചിപ്പുകളും വ്യക്തിഗത തിരിച്ചറിയല്‍ നമ്പറുകളും ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."