ആനിക്കിത് രണ്ടാം ജന്മം
കണ്ണൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിനിടയിലൂടെ ട്രാക്കില്‍ വീണ ആനിക്കിത് രണ്ടാം ജന്മം. മരിച്ചെന്നു കരുതിയിടത്തു നിന്നും ജീവന് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കുടിയാന്മല സ്വദേശി ബേബിയുടെ ഭാര്യ ആനി(45). ആനി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ പരിഭ്രാന്തരാക്കിയ സംഭവം നടന്നത്. വടക്കാഞ്ചേരിയിലുള്ള ഇളയമ്മയുടെ വീട്ടില്‍ പോകാന്‍ എത്തിയതായിരുന്നു ആനി.
2.35നുള്ള ഇന്റര്‍സിറ്റി എക്സ്പ്രസിനാണ് അവര്‍ക്ക് ഷൊര്‍ണൂരേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ 12 മണിക്ക് സ്റ്റേഷനിലെത്തിയ അവര്‍ ഇന്റര്‍സിറ്റി ആണെന്നു തെറ്റിദ്ധരിച്ച് ഒന്നാം ട്രാക്കില്‍ ഷണ്ടിങിനായി നിര്‍ത്തിയിട്ട ട്രെയിനില്‍ കയറി. അടുത്ത നിമിഷം ട്രെയിന്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ ബാഗും സാധനങ്ങളുമായി ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച ആനി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളം വച്ചെങ്കിലും ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോയി. എന്നാല്‍ യാത്രക്കാര്‍ ട്രാക്കിലിറങ്ങി ആനിയെ എടുത്ത് പ്ലാറ്റ്ഫോമിലേക്ക് മാറ്റിയപ്പോള്‍ ഒരു പോറല്‍ പോലും ആനിയുടെ ദേഹത്തുണ്ടായിരുന്നില്ല. മരണത്തില്‍ നിന്ന് രക്ഷപ്പെട്ട ആനി ജീവന് തിരികെ തന്ന ദൈവത്തോട് നന്ദി പറഞ്ഞു. ചുറ്റും കൂടിനില്‍ക്കുകയായിരുന്ന യാത്രക്കാരോട് അവര്‍ കൈകൂപ്പി. പിന്നീട് ഒരുമണിക്കൂറോളം വിശ്രമമുറിയില്‍ കിടന്ന് അവര്‍ മകനോടൊപ്പം സ്വന്തം വീട്ടിലേക്കു തിരിച്ചുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."