ബെസ്റ്റ് കലക്ടര്‍ പഴയ തട്ടകത്തിലേക്ക്
കണ്ണൂര്‍: ഒട്ടനവധി അവാര്‍ഡിന്റെ തിളക്കവുമായി ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ തന്റെ പഴയതട്ടകത്തിലേക്ക്. രത്തന്‍ ഖേല്‍ക്കറിന്റെ പകരക്കാരനായി എത്തിയ എം.ജി രാജമാണിക്യം രണ്ടുമാസത്തെ സേവനത്തിനു ശേഷം എറണാകുളം ജില്ലാ കലക്ടറായി നിയമിതനായ ഒഴിവിലായിരുന്നു സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടറായിരുന്ന ഈ ഹൈദരാബാദുകാരന്‍ കണ്ണൂരിലെത്തുന്നത്. 2014 ഫെബ്രുവരി 15നു കണ്ണൂര്‍ കലക്ടറായി ചുമതലയേറ്റ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ജില്ലയുടെ വികസനത്തില്‍ പൊന്‍തൂവലായ വിമാനത്താവള പ്രവൃത്തിയുടെ പരീക്ഷണ പറക്കല്‍ അടക്കം സകലതും.
രണ്ടര വര്‍ഷക്കാലം കണ്ണൂരില്‍ കലക്ടറായിരിക്കെ ഏഴ് അവാര്‍ഡുകള്‍ മുപ്പത്തിനാലുകാരനായ ഈ ജനകീയ കലക്ടറെ തേടിയെത്തി. സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചതിനു ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിന്റെ മന്താന്‍ അവാര്‍ഡാണു ആദ്യ അവാര്‍ഡ്. പിന്നാലെ നാഷണല്‍ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ സി.എസ്.ഐ നെഹിലെന്റ് അവാര്‍ഡുമെത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ മികച്ച രീതിയില്‍ നടത്തിയതിനു മുന്‍കൈയെടുത്തതിനും പ്ലാസ്റ്റിക് രഹിത ദേശീയ ഗെയിംസ് ജില്ലയില്‍ മികച്ച രീതിയില്‍ നടത്തിയതിനും കണ്ണൂരിനൊപ്പം ബാലകിരണിനും പ്രശംസ ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ഡിജിറ്റല്‍ ഇന്ത്യ പരിപാടിയില്‍ മൂന്നാംസ്ഥാനവും കഴിഞ്ഞ ഫെബ്രുവരിയില്‍ റവന്യൂ ദിനാചരണത്തോടനുബന്ധിച്ചുള്ള ബെസ്റ്റ് കലക്ടര്‍ അവാര്‍ഡും തേടിയെത്തി.
പ്രവര്‍ത്തനം തലസ്ഥാനത്തേക്കു മാറ്റാനുള്ള ഉത്തരവ് പുറത്തിറങ്ങിയ ഉടന്‍ സ്‌കോച്ച് സ്മാര്‍ട്ട് സിറ്റി അവാര്‍ഡിനു തെരഞ്ഞെടുത്തെന്നുള്ള സംഘാടകരുടെ ഫോണ്‍ വിളിയായിരുന്നു ബാലകിരണിനു ലഭിച്ചത്. ഐ.എ.എസിനു പറമെ ഐ. പി.എസും നേടിയ ബാലകിരണ്‍ എം.ടെക് ബിരുദധാരി കൂടിയാണ്. 2008 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായും പത്തനംതിട്ട, തിരുവല്ല, കാസര്‍കോട് എന്നിവിടങ്ങളില്‍ സബ്കലക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വിശാഖപട്ടണം സ്വദേശി കല്യാണിയാണു ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."