സിറോ മലബാര്‍ സഭ ഭൂമിയിടപാട്: ആദായനികുതി വകുപ്പ് നടപടി തുടങ്ങി
കൊച്ചി: സിറോ മലബാര്‍ സഭയിലെ വിവാദമായ ഭൂമിയിടപാടില്‍ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. ഇടനിലക്കാര്‍ വഴി വിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമിയും ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ആഡംബര വീടും സ്ഥലവും കണ്ടുകെട്ടി.
ഭൂമി വാങ്ങിയ വി.കെ ഗ്രൂപ്പിന്റെ ആസ്തിവകകളും കണ്ടുകെട്ടിയിട്ടുണ്ട്. 10 കോടിയുടെ വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. സംഭവത്തില്‍ സഭാ നേതൃത്വത്തിനു നേരെയും നടപടി വന്നേക്കും. ഇടപാടില്‍ കര്‍ദിനാളിനെയടക്കം ചോദ്യം ചെയ്തിരുന്നു. 13 കോടി രൂപയ്ക്കു ഭൂമി വില്‍ക്കാനാണ് സഭ സാജുവിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, 27 കോടി രൂപയ്ക്കാണ് ഇടപാട് നടന്നതെന്നു പറയുന്നു. ഇതേ തുടര്‍ന്നാണ് മാര്‍ ആലഞ്ചേരിക്കും സഭയ്ക്കുമെതിരേ വിവാദങ്ങളുയര്‍ന്നിരുന്നത്.
ഭൂമിയിടപാടില്‍ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് ഇടുക്കിയില്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചതായി രേഖകള്‍ വ്യക്തമാക്കിയിരുന്നു. 2016 സെപ്റ്റംബറിലാണ് സാജു വര്‍ഗീസ് സഭയുടെ ഭൂമി വില്‍പനയില്‍ ഇടനിലക്കാരനായത്. 27 കോടിയിലേറെ വിലയിട്ടിരുന്ന ഭൂമി ഇയാള്‍ വഴി വില്‍പന നടത്തിയെങ്കിലും സഭയ്ക്ക് ആകെ ലഭിച്ചിട്ടുള്ളത് 13.5 കോടിയോളം രൂപ മാത്രമാണ്.
നോട്ട് നിരോധനം മൂലം പണം തരാനാകില്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ബാക്കി പണത്തിനു പകരമായി സഭയ്ക്കു കോതമംഗലത്തും ദേവികുളത്തുമായി ഇയാള്‍ സ്ഥലം നല്‍കി. ഈ സ്ഥലങ്ങള്‍ക്കു കിട്ടാനുള്ള പണത്തേക്കാള്‍ മൂല്യമുണ്ടെന്നു പറഞ്ഞതു പ്രകാരം സഭ വീണ്ടും ഇയാള്‍ക്കു പണം നല്‍കിയിരുന്നു.
ഈ ഭൂമിയിടപാടുകളോടെ, ബാങ്ക് വായ്പ തീര്‍ക്കാനായി ഭൂമി വില്‍ക്കാന്‍ ശ്രമിച്ച സഭയുടെ കടം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. എന്നാല്‍, സഭയുമായുള്ള ഭൂമിയിടപാടിനു ശേഷം എട്ടു മാസത്തിനുള്ളില്‍ കുമളിയില്‍ സാജു വര്‍ഗീസ് എസ്റ്റേറ്റ് വാങ്ങാനായി കരാറെഴുതിയതായും വ്യക്തമായിരുന്നു.
2017 ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് കരാറെഴുതിയിരിക്കുന്നത്. ആറു കോടി മതിപ്പുള്ള ഏലത്തോട്ടത്തിന് ഒരു കോടി രൂപയാണ് അഡ്വാന്‍സായി നല്‍കിയതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."