മരട് ഫ്‌ളാറ്റ് പൊളിക്കല്‍: പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും സങ്കടഹരജി നല്‍കും
കൊച്ചി: മരട് നഗരസഭയുടെ ഫ്ളാറ്റ് കുടിയൊഴിപ്പിക്കലിനെതിരെ പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും സങ്കടഹരജി നല്‍കാനൊരുങ്ങി ഉടമകള്‍. മാത്രമല്ല, നടപടി ചോദ്യം ചെയ്ത് ഉടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കും. ഇതോടൊപ്പം 140 എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കാനും ആലോചനയുണ്ട്.
കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകള്‍ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടും. ഫ്‌ളാറ്റ് ഒഴിയാന്‍ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടും.
അതേസമയം അതിനിടെ നിലവിലെ നടപടി വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് കൈമാറി.
അതേസമയം, ഹരജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റ് ഉടമകള്‍ തിങ്കളാഴ്ച നഗരസഭയിലെത്തി നോട്ടിസ് കൈപ്പറ്റും.
കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കാന്‍ എത്തിയിരുന്നെങ്കിലും ഭൂരിഭാഗം പേരും കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."