അടിവസ്ത്രം പരിശോധിക്കലല്ല മന്ത്രിമാരുടെ പണി: കെ. മുരളീധരന്‍
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെയും പൂജാരിമാരുടെയും അടിവസ്ത്രം പരിശോധിക്കലല്ല മന്ത്രിമാരുടെ പണിയെന്നു കോണ്‍ഗ്രസ് പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍. മന്ത്രിമാരെ ഏല്‍പ്പിച്ചിരിക്കുന്ന വകുപ്പുകള്‍ നന്നായി കൊണ്ടുപോകുകയെന്നതാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ മുണ്ടു മാറ്റിയാല്‍ അടിയില്‍ കാക്കി നിക്കര്‍ കാണാമെന്നാണ് ഒരു മന്ത്രി പറഞ്ഞത്. പൂജാരിമാര്‍ അടിവസ്ത്രം ഇടാറില്ലെന്നു മറ്റൊരു മന്ത്രിയും പറയുന്നു. ഇവര്‍ക്ക് ഇതാണോ പണി. ജനങ്ങള്‍ ഇവരെ ജയിപ്പിച്ചുവിട്ടത് അടിവസ്ത്രം പരിശോധിക്കാനല്ല. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ മന്ത്രിമാര്‍ കുറച്ചുകൂടി സംസ്‌കാരം കാണിക്കണം. അല്ലെങ്കില്‍ തങ്ങള്‍ക്കും പലതും പറയേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു.
സാമുദായിക സംഘടനകളെ നവോഥാനം പഠിപ്പിക്കാനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി എന്നിവരെപ്പോലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പട്ടികയില്‍ ഇനി പിണറായി വിജയന്‍ എന്നുകൂടി വായിക്കേണ്ടിവന്നേക്കും. എന്നാല്‍, ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ദുര്യോധനന്‍, ദുശ്ശാസനന്‍, രാവണന്‍ എന്നിവരുടെ സ്റ്റാറ്റസിലേക്കാണ് മുഖ്യമന്ത്രി എത്തിയിരിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.
ശബരിമലയില്‍ പോകുന്ന വിശ്വാസികള്‍ എത്രസമയം തങ്ങണമെന്നു തീരുമാനിക്കുന്നതു മുഖ്യമന്ത്രിയല്ല. ജനങ്ങളെ തമ്മില്‍തല്ലിച്ചു വോട്ട് തേടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."