രഥയാത്ര മതേതര കേരളത്തെ തകര്‍ക്കാന്‍: എല്‍.ഡി.എഫ്
തിരുവനന്തപുരം: ശബരിമലയിലേക്കു ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്ന രഥയാത്ര കേരളത്തിലെ നിയമവാഴ്ച തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് എല്‍.ഡി.എഫ്. ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു മുന്നോടിയായി എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയിലെ ഭീകരത കേരളത്തിലും ആവര്‍ത്തിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ആരോപിച്ചു.
അദ്വാനിയുടെ രഥയാത്ര ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കും രാജ്യത്താകെ വര്‍ഗീയ കലാപത്തിനും വഴിതെളിച്ചെങ്കില്‍ ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പി നടത്താന്‍ പോകുന്ന രഥയാത്ര മതേതര കേരളത്തെ തകര്‍ക്കാനാണ്. ഏതു വിധേനയും സംസ്ഥാനത്തു കലാപം പടര്‍ത്തണമെന്നാണ് അമിത്ഷായുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ കൊലവിളി ഇതിനു തെളിവാണ്. സമാധാനം തകര്‍ക്കുകയും അതുവഴി കേന്ദ്ര ഇടപെടലിന് അവസരമൊരുക്കുകയുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അമിത്ഷായുടെ സാന്നിധ്യത്തിലാണ് കാസര്‍കോട് മുതല്‍ ശബരിമലവരെ രഥയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ജനാധിപത്യവിരുദ്ധ മാര്‍ഗത്തിലൂടെ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസാന ആയുധമായാണ് രഥയാത്രയെ കാണേണ്ടതെന്നും ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സമൂഹത്തിന് ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി നടപ്പാക്കാനേ സര്‍ക്കാരിനാകൂ. പുനഃപരിശോധനാ ഹരജി കോടതി പരിഗണിക്കാനിരിക്കുകയാണ്. കോടതിക്കു മുന്‍പാകെയിരിക്കുന്ന വിഷയത്തില്‍ ക്രമസമാധാനം തകര്‍ക്കാനുള്ള സമരമാര്‍ഗം അവലംബിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."