പുനരന്വേഷണം ആവശ്യമില്ല; പ്രതികള്‍ കാരായിമാര്‍ തന്നെയെന്ന് ഫസലിന്റെ ഭാര്യ
തലശ്ശേരി: ഫസല്‍ വധക്കേസില്‍ പുനരന്വേഷണം വേണമെന്ന സി.പി.എം നേതൃത്വത്തിന്റെ ആവശ്യത്തിനെതിരേ ഫസലിന്റെ ഭാര്യ സി.എച്ച് മറിയു രംഗത്ത്. ഫസല്‍ വധക്കേസിനെ ചൊല്ലി സി.പി.എമ്മും ആര്‍.എസ്. എസും തമ്മിലുള്ള പോര് മൂര്‍ഛിക്കുന്നതിനിടെയാണ് ഫസലിന്റെ ഭാര്യ നിലപാട് വ്യക്തമാക്കിയത്.
ഫസല്‍വധം നടത്തിയത് സി.പി.എമ്മാണ്. കൊടിസുനിക്കും കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ് മുഖ്യപങ്ക്. സി.ബി.ഐ അന്വേഷണം കൃത്യമായ വഴിയിലൂടെയാണ് നടന്നത്. സി.ബി.ഐ കണ്ടെത്തിയത് യഥാര്‍ഥപ്രതികളെ തന്നെയാണ്. കൊലപാതകം നടന്നതിന് ശേഷം ഡിവൈ.എസ്.പി. രാധാകൃഷ്ണനും സംഘവും കേസ് അന്വേഷിക്കുകയും പ്രതികളായ സി.പി. എം പ്രവര്‍ത്തകരെ തിരിച്ചറിയുകയും ചെയ്തിരുന്നു. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയതോടെ കേസ് അന്വേഷണം നടത്തിയിരുന്ന ഡി.വൈ.എസ്.പി രാധാകൃഷ്ണനെ സ്ഥലം മാറ്റുകയും പിന്നീട് ആരോപണമുന്നയിച്ചു ഇദ്ദേഹത്തെ അക്രമിക്കുകയും ചെയ്തു.
ഒരു ഭീഷണിക്കും താന്‍ വഴങ്ങുകയോ, വശംവദയാവുകയോ ചെയ്യില്ല. ഏത് ഭീഷണിയെയും നേരിടും. അതിനുള്ള കരുത്തുമുണ്ട്. എല്‍.ഡി.എഫ്. ഭരിക്കുമ്പോഴായിരുന്നു കേസ് അന്വേഷണം നടത്തിയതും പ്രതിപട്ടിക തയാറാക്കിയതെന്നും മറിയു ചൂണ്ടിക്കാട്ടി. യഥാര്‍ഥ പ്രതികളാരെന്ന് കണ്ടെത്തി കേസില്‍ കോടതിയില്‍ നടപടികള്‍ ആരംഭിച്ചപ്പോഴാണ് പുതിയ കഥകള്‍ പുറത്ത് വരുന്നത്. തന്റെ രണ്ട് സഹോദരന്‍മാരെ സി.പി.എം സ്വാധീനിച്ചിട്ടുണ്ട്. ഈ സ്വാധീനത്തിന്റെ ഫലമാണ് ഇവരുടെ ഇടപെടലുകളെന്നും താന്‍ അവരുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും മറിയു പറഞ്ഞു.
കുട്ടികളെ നല്ല വഴിക്ക് നടത്തുന്നതിനും നല്ല വിദ്യാഭ്യാസം നല്‍കുന്നതിനും ഫസല്‍ ഏറെ പ്രയത്‌നിച്ചിരുന്നു. ഫസലിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം ദേശാഭിമാനി പത്രത്തിന്റെ കോപ്പി ചില മേഖലകളില്‍ കുത്തനെ ഇടിഞ്ഞതും സി.പി.എമ്മിന് ഫസലിനോടുള്ള ഒടുങ്ങാത്ത പകക്ക് കാരണമായെന്നും മറിയു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."