തകര്‍ന്ന കാര്‍ ആക്രിവ്യാപാരിക്ക് വിറ്റോളൂ, വിചിത്ര വാദവുമായി ഇന്‍ഷുറന്‍സ് കമ്പനി
കാസര്‍കോട്: അപകടത്തില്‍പെട്ട് പൂര്‍ണമായും തകര്‍ന്ന കാറിന്റെ ഉടമയോട് ആക്രി കച്ചവടക്കാരനെ കണ്ടെത്തി കമ്പനി നിശ്ചയിച്ച വിലക്ക് കാര്‍ വില്‍ക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനി. കാസര്‍കോട്ടെ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി അധികൃതരുടെതാണ് ഈ വിചിത്ര നിര്‍ദേശം. കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി. റോഡില്‍ 2017 ഒക്ടോബര്‍ 27ന് അപകടത്തില്‍പെട്ട് പൂര്‍ണമായും നശിച്ച കാറിന്റെ ഉടമ മേല്‍പ്പറമ്പിലെ എം.എം ഹംസയോടാണ് തകര്‍ന്ന വാഹനം 3,20,000 രൂപയ്ക്ക് ആക്രിക്കടയില്‍ വില്‍ക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ പറഞ്ഞത്. ബംബര്‍ ടു ബംബര്‍ പോളിസി പ്രകാരം വാഹന ഉടമയ്ക്ക് 5,60,000 നല്‍കണം. ആക്രിക്കടയ്ക്ക് 3,20,000 രൂപയ്ക്ക് വാഹനം വില്‍പ്പന നടത്തിയാല്‍ ബാക്കി വരുന്ന 2,40,000 രൂപ നല്‍കാമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം.
കഴിഞ്ഞ ഒരു വര്‍ഷമായി നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ടി ഇന്‍ഷുറന്‍സ് കമ്പനിയുടെ വിവിധ ഓഫിസുകളില്‍ കയറി ഇറങ്ങുന്ന കാര്‍ ഉടമയോട് അവസാനമാണ് വാഹനം ആക്രിക്കടയില്‍ വില്‍ക്കാനും ഇന്‍ഷുറന്‍സ് ഇനത്തില്‍ ബാക്കി വരുന്ന തുക കമ്പനി നല്‍കാമെന്നും പറഞ്ഞത്. അപകടത്തില്‍പെട്ട കാര്‍ സൂക്ഷിക്കാനുള്ള ഫ്‌ളോര്‍ വാടക ദിവസത്തില്‍ 200 രൂപ പ്രകാരം ഒരു വര്‍ഷത്തേക്ക് മുക്കാല്‍ ലക്ഷത്തോളം രൂപ അടക്കാനും കാര്‍ ഉടമയോട് കാര്‍ ഷോറൂം അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം വില്‍ക്കേണ്ടത് ഇന്‍ഷുറന്‍സ് സര്‍വേയറുടെ ജോലിയാണെന്നാണ് വാഹന ഉടമയുടെ വാദം.
ഇന്‍ഷുറന്‍സ് ക്ലെയിം വിഷയത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ് നിര്‍ദേശമെന്ന് കാണിച്ച് യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി റീജ്യനല്‍ മാനേജര്‍, ഡിവിഷന്‍ മാനേജര്‍, ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് വാഹന ഉടമ. ഈ പരാതികളില്‍ തീരുമാനം ആയില്ലെങ്കില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുമെന്നും ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി റോഡ് ഷോ നടത്തുമെന്നും ഹംസ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."