ഗതാഗതക്കുരുക്കില്‍ ഓര്‍ക്കാട്ടേരി വീര്‍പ്പുമുട്ടുന്നു: പൊലിസ് നോക്കുകുത്തി
വടകര: വടകര മേഖലയിലെ പ്രധാന ടൗണായ ഓര്‍ക്കാട്ടേരി ഗതാഗതക്കുരുക്കില്‍ വലയുന്നു. ഇടുങ്ങിയ റോഡില്‍ സ്‌കൂള്‍ സമയങ്ങളില്‍ ലോറികള്‍ പാര്‍ക്കുചെയ്ത് കയറ്റിറക്ക് നടത്തുന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
രാവിലെയും വൈകുന്നേരവും സ്‌കൂള്‍ സമയങ്ങളില്‍ നിരവധി വാഹനങ്ങളാണ് കുട്ടികളെയുംകൊണ്ട് പോകുന്നത്. ഇത്തരം സമയങ്ങളിലാണ് കച്ചവടസ്ഥാപനങ്ങളിലെത്തുന്ന ചരക്കുകള്‍ ഇറക്കുന്നത്. ഇത് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ടൗണില്‍ ഗതാഗത നിയന്ത്രണത്തിന് ഹോംഗാര്‍ഡും തിരക്കുള്ള സമയങ്ങളില്‍ പൊലിസും ഉണ്ടാവാറുണ്ടെങ്കിലും ഇവര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്.
നിരവധി വ്യാപാരസ്ഥാപനങ്ങളുള്ള ഓര്‍ക്കാട്ടേരിയില്‍ റമദാന്‍ മാസമായതോടെ തിരക്ക് ഇരട്ടിയാണ്. പാര്‍ക്കിങ്ങിന് സ്ഥലമില്ലാത്ത ഇവിടെ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയാല്‍പോലും കേസെടുക്കുന്ന പൊലിസ് തിരക്കുള്ള സമയങ്ങളിലെ ഇത്തരം കയറ്റിറക്കുകള്‍ക്ക് ഒത്താശ ചെയ്യുകയാണ് എന്നാണ് ആക്ഷേപം. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ ഇരുവശത്തും നിര്‍ത്തിയാണ് വലിയ ലോറികള്‍ ലോഡിറക്കുന്നത്. തിരക്കുകുറഞ്ഞ സമയങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യണമെന്നാണ് നാട്ടുകാരും ഡ്രൈവര്‍മാരും പറയുന്നത്.
നാലുമണിക്ക് സ്‌കൂള്‍ വിട്ടാല്‍ മണിക്കൂറുകള്‍ നീളുന്ന കുരുക്കില്‍ നിന്നും രക്ഷപ്പെട്ട് ഇരുട്ടുമ്പോഴാണ് കുട്ടികളെ വീട്ടിലെത്തിക്കാന്‍ കഴിയുന്നതെന്നാണ് സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ പറയുന്നത്.
ടൗണിലെ കച്ചവടക്കാരും പൊലിസും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."