നൂതന ഉല്‍പ്പന്നങ്ങള്‍ വിപണയിലിറക്കി ഹോം ഷോപ്പ് പദ്ധതി പ്രോത്സാഹിപ്പിക്കും: മന്ത്രി
കോഴിക്കോട്: നൂതന ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി കുടുംബശ്രീയുടെ ഹോംഷോപ്പ് പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. കോഴിക്കോട് ഹോംഷോപ്പ് പദ്ധതിയുടെ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോംഷോപ്പ് ബ്ലോക്ക് അടിസ്ഥാനത്തില്‍ വേറിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചു. വീടുകളില്‍ ചെന്ന് കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഹോംഷോപ്പ് ഓണര്‍മാര്‍ക്ക് വില്‍പനയ്ക്കായി പ്രത്യേകം രൂപപ്പെടുത്തിയ സ്‌കൂട്ടര്‍ വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് കെ.എസ്.എഫ്.ഇ വഴി വായ്പ ലഭ്യമാക്കും. ഇതിന് കുടുംബശ്രീ സബ്‌സിഡിയും നല്‍കും. നഗരങ്ങളില്‍ 20 തരം ഭക്ഷ്യയോഗ്യമായ പച്ചിലകള്‍ ശുചിയാക്കി വില്‍പനയ്ക്ക് വെക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കയര്‍ബോര്‍ഡ് വിപണനം നടത്തുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍ ഹോംഷോപ്പ് പദ്ധതിയിലൂടെ വില്‍പന നടത്താന്‍ നിര്‍ദേശിച്ച മന്ത്രി ഇതിന് വേണ്ട സഹായം വാഗ്ദാനം ചെയ്തു.
അടുത്ത സീസണിലേക്ക് സ്‌കൂള്‍ ബാഗ്, കുട തുടങ്ങിയവയുടെ ഓര്‍ഡര്‍ ശേഖരിച്ച് വിപണനം നടത്താനും നിര്‍ദേശിച്ചു. നൂതനമായ ഉല്‍പ്പന്നങ്ങള്‍ ഇറക്കണം. വൈവിധ്യവല്‍കരിക്കണം. ഒപ്പം ഉല്‍പ്പന്നങ്ങളുടെ വൃത്തിയും ഗുണനിലവാരവും ഉറപ്പുവരുത്തണം.
ഗുണനിലവാരം ഉറപ്പുവരുത്താന്‍ യന്ത്രവല്‍കരണം ആവശ്യമായി വരും. ഇതിന് വായ്പാ സഹായം നല്‍കാമെന്ന് മന്ത്രി പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ പല പേരിലായി ഇറക്കുന്നതിലും നല്ലത് ഒരു പേരിലാക്കുന്നതാണ്. ഓര്‍ഡര്‍ എടുത്ത് വിതരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വിവിധ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദകര്‍ മന്ത്രിയെ പരിചയപ്പെടുത്തി. ഉല്‍പ്പന്നങ്ങളെക്കുറിച്ചും ഉല്‍പാദനത്തെക്കുറിച്ചും വിപണനത്തെക്കുറിച്ചും മന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. 2010 ജൂലൈ 29ന് കൊയിലാണ്ടിയില്‍ 19 ഹോം ഷോപ്പ് ഓണര്‍മാരും നാല് ഉല്‍പാദക യൂനിറ്റുകളുമായി പ്രവര്‍ത്തനം തുടങ്ങിയ ഹോം ഷോപ്പ് പദ്ധതിയില്‍ ഇപ്പോള്‍ 425 ഹോംഷോപ്പ് ഓണര്‍മാര്‍, 27 ഉല്‍പാദക യൂനിറ്റുകളിലായി 45 ഉല്‍പ്പന്നങ്ങള്‍ എന്നിവയിലേക്ക് വളര്‍ന്നിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാവാതെ ക്ഷയിക്കുന്ന കുടുംബശ്രീ ഉല്‍പാദക യൂനിറ്റുകള്‍ക്ക് സ്ഥിരം വിപണി സൃഷ്ടിക്കുന്നതിനും ഉല്‍പാദക രംഗത്തെന്ന പോലെ വിപണന രംഗത്തും സുസ്ഥിരമായ തൊഴില്‍ ലഭ്യമാക്കാനുമാണ് കമ്യൂണിറ്റി മാര്‍ക്കറ്റിങ് പദ്ധതിയായ ഹോംഷോപ്പ് പദ്ധതി പ്രവര്‍ത്തിക്കുന്നത്.
ഓരോ വാര്‍ഡിലും ഹോംഷോപ്പുകള്‍ സ്ഥാപിച്ച് ഗുണനിലവാരമുള്ള കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി വീടുകളിലെത്തിച്ച് വിപണനം നടത്തുന്ന ഹോംഷോപ്പ് പദ്ധതി ജില്ലയിലെ 52 കുടുംബശ്രീ സി.ഡി.എസുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."