തലക്കുളത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടാഴ്ചയ്ക്കകം സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി
കോഴിക്കോട്: തലക്കുളത്തൂര്‍ സി.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉള്‍പ്പെടെയുള്ള പരാതിയില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പി.ടി.എ പ്രസിഡന്റ് എ. ചന്ദ്രഹാസന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പി.ബി സുരേഷ്‌കുമാറിന്റെ വിധി. സ്‌കൂളില്‍ നിയമാനുസൃതമായ ശുചിമുറികള്‍, കംപ്യൂട്ടറുകള്‍, വിവിധ ലാബുകള്‍, ലൈബ്രറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും ഇവ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പി.ടി.എ പ്രസിഡന്റ് കഴിഞ്ഞ അധ്യയനവര്‍ഷം റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഈ പരാതിയില്‍ ഒരു നടപടിയും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് പി.ടി.എ കോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി അതേ ദിവസംതന്നെ പി.ടി.എ പ്രസിഡന്റ് കഴിഞ്ഞ അധ്യയന വര്‍ഷം സമര്‍പ്പിച്ച പരാതിയില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."