ലഹരിവില്‍പന നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മന്ത്രി
കോഴിക്കോട്: ലഹരിമരുന്നുകളുടെ ഉപയോഗം വ്യക്തിയെയും സമൂഹത്തെയും കുടുംബത്തെയും നശിപ്പിക്കുന്നുവെന്നു മന്ത്രി ടി.പി രാമകൃഷ്ണന്‍.
ലഹരിക്ക് അടിപ്പെട്ടവരെ വിമോചിപ്പിക്കാനായി കോഴിക്കോട് പുതിയറയിലെ എ.യു.പി സ്‌കൂള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച കൗണ്‍സലിങ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവിമുക്തമായ കേരളം സൃഷ്ടിക്കാനാണു സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. ഏതുതരം ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍നിന്നും യുവതലമുറയെ രക്ഷിക്കാന്‍ കഴിയണം. മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ക്ക് അടിപ്പെട്ട് ജീവിതം തകര്‍ന്നവരുണ്ട്. അവരുടെ ആരോഗ്യവും സമ്പത്തും ജീവനും ലഹരി കവര്‍ന്നെടുക്കുകയാണ്. വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് ലഹരിവില്‍പന നടത്തുന്നവര്‍ക്കെതിരേ കര്‍ശനമായി നടപടി സ്വീകരിക്കാനാണ് എക്‌സൈസിന്റെ തീരുമാനം-മന്ത്രി പറഞ്ഞു.
എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് അധ്യക്ഷനായി. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ലഹരിക്കെതിരേയുള്ള പ്രചാരണങ്ങള്‍ നല്ലരീതിയില്‍ നടക്കുമ്പോഴും ചില കുട്ടികള്‍ ഇതില്‍ അകപ്പെട്ട് പോയതായി കമ്മിഷണര്‍ പറഞ്ഞു.
ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ഡി. സന്തോഷ്, ഡി.ഇ.ഒ ഇ.കെ സുരേഷ്‌കുമാര്‍, മറ്റ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. കൗണ്‍സലിങ് സെന്റര്‍ നമ്പര്‍ 9188468494, 9188458494.
ബീച്ച് ആശുപത്രിയില്‍ ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കും
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും കമ്മിഷണര്‍ ഋഷിരാജ് സിങും അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായി വരുന്നതായും മന്ത്രി പറഞ്ഞു. 10 കിടക്കകളോടു കൂടിയാണ് ഇവ തുടങ്ങുന്നത്. ഇവിടെ മനശാസ്ത്രജ്ഞന്‍, മെഡിക്കല്‍ ഓഫിസര്‍, മൂന്ന് ജീവനക്കാര്‍, സോഷ്യല്‍ വര്‍ക്കര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളി എന്നിവരെ നിയമിക്കും.
ഇതുമായി ബന്ധപ്പെട്ട പുരോഗതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീയുമായി മന്ത്രിയും എക്‌സൈസ് കമ്മിഷണറും ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."