വോട്ടിങ്ങ് യന്ത്രങ്ങള്‍ യു.പിയിലേക്ക് കൊണ്ടുപോയി
തളിപ്പറമ്പ്: പരിശോധനകള്‍ പൂര്‍ത്തിയാക്കി വോട്ടിങ്ങ് യന്ത്രങ്ങള്‍ തളിപ്പറമ്പില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോയി. ജില്ലയിലെ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ്ങ് യന്ത്രങ്ങള്‍ തളിപ്പറമ്പിലെ സ്‌ട്രോങ്ങ് റൂമില്‍ പൊലിസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസമായി പരിശോധനകള്‍ നടത്തി ക്രമനമ്പറുകള്‍ നല്‍കിയ 1600 ബാലറ്റ് യൂനിറ്റുകളും 1500 കണ്‍ട്രോള്‍ യൂനിറ്റുകളുമുള്‍പ്പെടെ 3100 വോട്ടിങ്ങ് മെഷിനുകളാണ് 310 പെട്ടികളിലായി ഉത്തര്‍പ്രദേശിലേക്ക് അയച്ചത്. യു.പിയില്‍ നിന്നെത്തിയ തെരഞ്ഞെടുപ്പ് വിഭാഗം തഹസില്‍ദാര്‍ പി.എല്‍ മോറലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം മുഴുവന്‍ പെട്ടികളും തുറന്ന് മെഷിനുകളുടെ എണ്ണം എടുത്തതിനു ശേഷമാണ് കണ്ടെയ്‌നര്‍ ലോറികളിലേക്ക് കയറ്റിയത്. തെരഞ്ഞെടുപ്പ് കേസുകള്‍ നിലവിലുള്ളതിനാല്‍ അഴീക്കോട്, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ വോട്ടിങ്ങ് യന്ത്രങ്ങള്‍ പൊലിസ് കാവലില്‍ മിനി സിവില്‍ സ്‌റ്റേഷനിലെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും. തളിപ്പറമ്പ് തഹസില്‍ദാര്‍ എ ശ്രീവല്‍സന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുരക്ഷയുടെ ഭാഗമായി ഇന്നലെ തളിപ്പറമ്പ് താലൂക്ക് ഓഫിസ് വളപ്പില്‍ ഇന്നലെ പുറത്തുനിന്നുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."