ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഒന്നാം ടെസ്റ്റ് ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ഏഴ് വിക്കറ്റ് ജയം. രണ്ട് ഇന്നിങ്‌സുകളിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ സംഘം ചതുര്‍ദിന മത്സരത്തിലെ അവസാന ദിവസം ആദ്യ സെഷനില്‍ തന്നെ വിജയം അടിച്ചെടുത്തു. ഷാര്‍ദുല്‍ താക്കൂറിന്റെയും ഷഹബാസ് നദീമിന്റെയും അഞ്ച് വിക്കറ്റ് പ്രകടനത്തിലാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി പ്രകടനവും രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായകമായ രണ്ട് വിക്കറ്റുകളും നേടിയ കേരള താരം ജലജ് സക്‌സേനയാണ് കളിയിലെ താരം.
സ്‌കോര്‍ ദക്ഷിണാഫ്രിക്ക എ 164,186. ഇന്ത്യ എ 303, മൂന്നി
ന് 49. നാലാം ദിനം ഇന്ത്യന്‍സംഘം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആദ്യ സെഷനില്‍ തന്നെ ലക്ഷ്യം കണ്ടതോടെ ദക്ഷിണാഫ്രിക്ക മുട്ടുമടക്കി. ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ ഇന്നിങ്‌സില്‍ വിയാന്‍ മുള്‍ഡര്‍ (43 പന്തില്‍ 21), ദാനേ പിയെറ്റ് (45 പന്തില്‍ 33), മാര്‍ക്കോ ജാന്‍സെന്‍ (69 പന്തില്‍ 45) എന്നിവര്‍ക്കും രണ്ടാം ഇന്നിങ്‌സില്‍ സുബൈര്‍ ഹംസ (81 പന്തില്‍ 44), ഹെന്റിച്ച് ക്ലാസന്‍ (104 പന്തില്‍ 48), വിയാന്‍ മുള്‍ഡര്‍ (62 പന്തില്‍ 46) എന്നിവര്‍ക്കും മാത്രമാണ് തിളങ്ങാനായത്.
ഇന്ത്യക്കായി ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (153 പന്തില്‍ 90), കേരള താരം ജലജ് സക്‌സേന (96 പന്തില്‍ 61), ഋതുരാജ് ഗെയ്ക്‌വാദ് (49 പന്തില്‍ 30), റിക്കി ഭുയി (48 പന്തില്‍ 26) ശ്രീകാര്‍ ഭരത് (53 പന്തില്‍ 33), ഷാര്‍ദുല്‍ താക്കൂര്‍ (79 പന്തില്‍ 34) എന്നിവരും രണ്ടാം ഇന്നിങ്‌സില്‍ റിക്കി ഭുയി (26 പന്തില്‍ 20), ശിവം ദുബെ (രണ്ട് പന്തില്‍ 12) എന്നിവരും ചേര്‍ന്നാണ് ജയം സമ്മാനിച്ചത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി കൃഷ്ണപ്പ ഗൗതം നാല് വിക്കറ്റും ജലജ് സക്‌സേനയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകള്‍ വീതവും നേടി.
നേരത്തേ മഴ ഒഴിഞ്ഞു നിന്ന ആദ്യ ദിനം ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. പിച്ചിലെ പുല്ലും നനവും മുതലെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ തന്ത്രം ബൗളര്‍മാര്‍ നടപ്പാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക ആദ്യ ദിവസം ചായയ്ക്ക് പിരിയുമ്പോഴേക്കും 164 റണ്‍സിന് കൂടാരം കയറി. തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 129 റണ്‍സെടുത്ത് 35 റണ്‍സ് മാത്രം പിന്നിലെത്തി. എന്നാല്‍ വലിയ സ്‌കോര്‍ ലീഡെഡുക്കാനുള്ള ഇന്ത്യന്‍ തന്ത്രം രണ്ടാം ദിനം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞുടച്ചു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ദിനം ഓര്‍മപ്പെടുത്തുംവിധം ഇന്ത്യന്‍ സംഘവും പവലിയനിലേക്ക് മാര്‍ച്ച് നടത്തിയതോടെ 139 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് ലീഡ് നേടാനായത്. കേരള താരം ജലജ് സക്‌സേന നടത്തിയ വീറുറ്റ പോരാട്ടം മാത്രമായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ രണ്ടാം ദിനത്തെ അല്‍പമെങ്കിലും പിടിച്ചു നിര്‍ത്തിയത്. രണ്ടാമിന്നിങ്‌സില്‍ ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്കായി വിയാന്‍ മുള്‍ഡറും ഹെന്റിച്ച് ക്ലാസനും പൊരുതി. എന്നാല്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് വലിച്ചെറിഞ്ഞ് 125 റണ്‍സ് എന്ന നിലയില്‍ വെറും 14 റണ്‍സ് മാത്രം പിന്നിലായി ദക്ഷിണാഫ്രിക്ക. മൂന്നാം ദിനം മഴ കാരണം വളരെ വൈകിയാണ് മത്സരം പുനരാരംഭിക്കാനായത്. ഓണത്തിന് വിരുന്നെത്തിയ മഴ മത്സരത്തിന്റെ വീറും വാശിയും നനയിച്ചു കളഞ്ഞു. വെറും 40 റണ്‍സ് മാത്രം ലീഡെടുത്ത് ഒന്‍പത് വിക്കറ്റും വലിച്ചെറിഞ്ഞ് 179 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞു. നാലാ ദിനം രാവിലെ ദക്ഷിണാഫ്രിക്കന്‍സംഘം ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് കൂടാരം കയറി. 48 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ തന്നെ വിജയം രുചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."