കല്യാണിക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാം
മുക്കം: വയോധികയായ കല്യാണിയുടെയും കുടുംബത്തിന്റെയും ദുരിതങ്ങള്‍ക്ക് അറുതിയാവുന്നു. ഇവര്‍ക്കിനി മഴയെയും വെയിലിനെയും പേടിക്കാതെ അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാം. വീട് പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ ഓടും കുടുംബത്തിന് വസ്ത്രവും ഭക്ഷണ സാധനങ്ങളുമായി സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
കോഴിക്കോട് സ്വദേശിയും ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി വളണ്ടിയറുമായ ജയരാജിന്റെ നേതൃത്വത്തിലാണ് സഹായവുമായി സന്നദ്ധ പ്രവര്‍ത്തകരെത്തിയത്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ബാക്കിയാക്കി കഴിയുന്ന കല്യാണിയുടേയും കുടുംബത്തിന്റേയും കഥ സുപ്രഭാതമാണ് പുറംലോകത്തെ അറിയിച്ചത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സഹായ ഹസ്തങ്ങള്‍ നീണ്ടത്. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി മലാംകുന്ന് ചുടലകണ്ടിയിലാണ് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഇവരുടെ വീട്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പഞ്ചായത്തില്‍ നിന്നും വീടിന് സഹായം ലഭിച്ചത്. വിധവയും രോഗിയുമായ കല്യാണിയുടെ കുടുംബം കഴിഞ്ഞുപോകുന്നത് കാഴ്ചയില്ലാത്ത മകളുടെ ഭര്‍ത്താവ് സുരേഷിന്റെ ഇച്ഛാശക്തികൊണ്ട് മാത്രമായിരുന്നു. തെരുവോരങ്ങളില്‍ പാട്ടുപാടി കിട്ടുന്ന സുരേഷിന്റെ ചെറിയ വരുമാനംകൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്. എട്ടാംക്ലാസിലും മൂന്നാംക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ പഠനം പോലും മുന്നോട്ട് കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയിലാണ് ഈ കുടുംബം. ലൈഫ് മിഷനില്‍ വീടിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഓടിട്ട വീടാണെന്ന് പറഞ്ഞ് അധികൃതര്‍ അപേക്ഷ തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."