പുതിയ കെട്ടിടം നിര്‍മിച്ചിട്ടും ശാപമോക്ഷം ലഭിക്കാതെ മുക്കം ഐ.എച്ച്.ആര്.ഡി കോളജ്
മുക്കം: കോടികള്‍ മുടക്കി പുതിയ കെട്ടിടം നിര്‍മിച്ചിട്ടും നോര്‍ത്ത് കാരശ്ശേരിയിലെ ഐ.എച്ച്.ആര്.ഡി കോളജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ലക്ഷങ്ങള്‍ വാടക നല്കി ഏറെ അസൗകര്യങ്ങള്‍ക്ക് നടുവില്‍.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്കിയ ഒരേക്കര്‍ സ്ഥലത്ത് മനോഹരമായ ഇരുനില കെട്ടിടം നിര്‍മിച്ചത്. സി. മോയിന്‍കുട്ടി എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന്റെ പെയിന്റിങും നിലത്ത് ടൈല്‍ വിരിക്കുന്നത് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവൃത്തികളും നാട്ടുകാര്‍ സൗജന്യമായി നല്കിയ സ്ഥലത്ത് റോഡ് നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഇനി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും കുടിവെള്ള പദ്ധതിയും മാത്രമാണ് ബാക്കിയുള്ളത്.
ഇതിന് തുക അനുവദിച്ചതുമാണ്. കഴിഞ്ഞ പ്രളയകാലത്ത് പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാംപ് അടക്കം പ്രവര്‍ത്തിച്ചിരുന്നത് ഇവിടെയായിരുന്നു. മുക്കത്തു നിന്നും ഏഴ് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പുതിയ കെട്ടിടത്തിലേക്ക് നല്ല നിലയില്‍ ഗതാഗത സൗകര്യവും ഉണ്ട്. റോഡ് സൗകര്യമുള്ളതിനാല്‍ അരീക്കോട്, മുക്കം, തോട്ടുമുക്കം ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയാസമില്ലാതെ ഇവിടേക്ക് എത്തിപ്പെടാന്‍ സാധിക്കുമെന്നതും അനുകൂലഘടകമാണ്. എല്ലാ പ്രവൃത്തിയും പൂര്‍ത്തിയായ ഈ കെട്ടിടം ഉദ്ഘാടനം നടത്തി വിദ്യാര്‍ഥികള്‍ക്കായി തുറന്നു കൊടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടുവര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ച് മൂന്നുവര്‍ഷത്തിനകം ക്ലാസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കെട്ടിടമാണ് ഇപ്പോള്‍ എല്ലാ പണികളും പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."