പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിലെ അപാകത
കളമശേരി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മെട്രോ സ്‌റ്റേഷന് അനുബന്ധിച്ചുള്ള പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മാണത്തിലെ അപാകങ്ങള്‍ മൂലം ദുരിതത്തിലായ നാട്ടുകാര്‍ ഒടുവില്‍ നിര്‍മാണം തടയാന്‍ രംഗത്തിറങ്ങി. ഗ്രൗണ്ടിന്റെ അപാകങ്ങള്‍ പരിഹരിക്കാന്‍ മെട്രോ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പാര്‍ക്കിങ് ഗ്രൗണ്ടിനരികിലുള്ള മെട്രോ പൊലിസ് സ്റ്റേഷന്‍ നിര്‍മാണം തടഞ്ഞത്.
പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് ഹൈവേയില്‍ നിന്ന് പ്രവേശനം സാധ്യമായിരിക്കേ അറഫാ നഗറിലേക്കുള്ള വീതി കുറഞ്ഞ നഗരസഭ റോഡിലൂടെയാണ് വാഹനങ്ങള്‍ക്ക് പ്രവേശനം ഒരുക്കിയിട്ടുള്ളത്. മെട്രോ യാത്ര ആരംഭിക്കുമ്പോള്‍ പാര്‍ക്ക് ചെയ്യാനെത്തുന്ന വാഹനങ്ങളുടെ തിരക്ക് മൂലം നാട്ടുകാര്‍ക്ക് സഞ്ചാരം ബുദ്ധിമുട്ടാകും.
റോഡിന്റെ അരികിലുള്ള സ്ഥലം മെട്രോയുടെ ഉടമസ്ഥതയിലുള്ളതാണ്. റോഡിന് വീതികൂട്ടി പണിത ശേഷം മാത്രമേ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കാവൂ എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കൂടാതെ പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ടാഴ്ചയായിട്ടും പുനര്‍ നിര്‍മാണം ആരംഭിക്കാന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥലം ഏറ്റെടുത്തപ്പോള്‍ ഉണ്ടായിരുന്ന ഇടിഞ്ഞ് വീഴാറായ പഴയ മതില്‍ കെട്ടിന് മുകളില്‍ വച്ച് ഒരാള്‍ പൊക്കത്തില്‍ സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ട് ഉയര്‍ത്തിയതു കൊണ്ടാണ് മതില്‍ ഇടിഞ്ഞ് വീണതെന്ന് നാട്ടുകാര്‍ പറഞ്ഞു. മതിലിടിഞ്ഞ മണ്ണൊഴുകി കാനകളെല്ലാം മൂടിപ്പോയ നിലയിലാണ്.
പ്രദേശത്തെ വീടുകളെല്ലാം മഴയത്ത് രൂക്ഷമായ വെള്ളക്കെട്ടിലായിരിക്കുകയാണ്. ഇക്കാര്യങ്ങളില്‍ മെട്രോ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലാതായപ്പോഴാണ് നാട്ടുകാര്‍ നിര്‍മാണം തടയാനെത്തിയത്.
തുടര്‍ന്ന് കൗണ്‍സിലര്‍മാരും മെട്രോ ഉദ്യോഗസ്ഥരുമായി കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ജയ കൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി. പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് മുനിസിപ്പല്‍ റോഡില്‍ നിന്നുള്ള പ്രവേശനം അടച്ച് ദേശീയ പാതയില്‍ നിന്ന് പ്രവേശനം ആക്കാമെന്ന് ചര്‍ച്ചയില്‍ ധാരണയായി. മതിലിടിഞ്ഞ മണ്ണ് അടിയന്തിരമായി മാറ്റാമെന്നും രണ്ടാഴ്ച്ചക്കുള്ളില്‍ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം ആരംഭിക്കാമെന്നും മെട്രോ അധികൃതര്‍ ഉറപ്പ് നല്‍കി.
ചര്‍ച്ചയില്‍ വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ റുഖിയ ജമാല്‍, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ.ബഷീര്‍, ഷാജഹാന്‍ കടപ്പളളി എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."