മൃതദേഹങ്ങളോട് അനാദരവ് അനാട്ടമി വിഭാഗം മേധാവിക്കെതിരേ നടപടി വേണമെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പഠനാവശ്യങ്ങള്‍ക്കായി ലഭിച്ച മൃതദേഹങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഉത്തരവദപ്പെട്ട അനാട്ടമി വിഭാഗം മേധാവിക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം തലവന്‍ ഡോ. ഗോപകുമാര്‍ കലക്ടര്‍ക്കും ഡി.എം.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് കോര്‍പറേഷന്‍ സെക്രട്ടറി ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്കും കൈമാറും.
മൃതദേഹങ്ങള്‍ക്ക് സംസ്‌കരിക്കാന്‍ ചുമതലപ്പെട്ട ജീവനക്കാരനെതിരേ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി ലഭിക്കുന്ന മൃതദേഹങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കാറില്ലെന്നാണ് അന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അനാട്ടമി വിഭാഗത്തില്‍ പഠനാവശ്യങ്ങള്‍ക്ക് ശേഷമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.
അനാട്ടമി വിഭാഗവുമായി ബന്ധപ്പെട്ട് മനുഷ്യ ശരീരത്തിന്റെ എംബാം ചെയ്യപ്പെട്ട ശരീരഭാഗങ്ങള്‍ അനാട്ടമി ആക്ട് 1949 പ്രകാരം പഠനാവശ്യങ്ങള്‍ക്കായി ലഭ്യമാക്കുമ്പോള്‍ മുതല്‍ വ്യക്തമായ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നാണ് നിയമം. ശരീരം ലഭിക്കുന്ന തിയതി മുതല്‍ പേര്, വയസ്, (ആണ്‍, പെണ്‍) എന്നീ കാര്യങ്ങളും കാല്, കൈ, ശരീരം മുതലായവ പഠനം കഴിഞ്ഞ് കുഴിയെടുത്ത് ശ്മശാനത്തില്‍ മറവ് ചെയ്യുന്നതുവരെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതുമാണെങ്കിലും ഇതൊന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തില്‍ ചെയ്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."