ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐന്‍സ്റ്റീന്‍ എന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍
ന്യൂഡല്‍ഹി: വാഹന വിപണിയിലെ മുരടിപ്പിനു കാരണം പുതുതലമുറ ടാക്‌സി വാഹനങ്ങള്‍ ഉപയോഗിക്കുന്നതാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയ്ക്കു പിന്നാലെ മറ്റൊരു വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയലും. ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐന്‍സ്റ്റീന്‍ ആണെന്നാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത്. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളും ഇറങ്ങി.
വാണിജ്യ ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് പിയൂഷ് ഗോയല്‍ അബദ്ധപരാമര്‍ശം നടത്തിയത്. സാമ്പത്തിക രംഗം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കില്‍ ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ട്രില്യന്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥ ഉണ്ടാകണമെങ്കില്‍ രാജ്യത്തിന് 12 ശതമാനം വളര്‍ച്ചാനിരക്ക് ആവശ്യമാണ്. ഇപ്പോഴുള്ള വളര്‍ച്ചാനിരക്ക് ആറ് ശതമാനമാണ് എന്നൊക്കെയാണ് വാര്‍ത്തകള്‍ വരുന്നത്. അങ്ങനെയുള്ള കണക്കുകളല്ല ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ ഐന്‍സ്റ്റീനെ സഹായിച്ചിട്ടുള്ളത്. കൃത്യമായ സൂത്രവാക്യങ്ങളും മുന്‍കാല അറിവുകള്‍ക്കും പിന്നാലെ പോയിരുന്നെങ്കില്‍ ലോകത്ത് പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐസക് ന്യൂട്ടനാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തിയതെന്നും അത്തരമൊരു കണ്ടുപിടിത്തത്തിലേയ്ക്ക് നയിച്ചത് അദ്ദേഹത്തിന്റെ തലയില്‍ ആപ്പിള്‍ വീണതാണെന്നും വിശ്വസിക്കപ്പെടുമ്പോഴാണ് മന്ത്രിയുടെ വക പുതിയ വ്യാഖ്യാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."