കള്ളപ്പണ കേസ്: ഡി.കെ ശിവകുമാറിന്റെ മകളേയും അറസ്റ്റ് ചെയ്തേക്കും
ന്യൂഡല്‍ഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കര്‍ണാടക മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയേയും അറസ്റ്റ് ചെയ്തേക്കും. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഡല്‍ഹിയില്‍ ചോദ്യം ചെയ്യുന്ന ഐശ്വര്യയെ ഇതുവരെ വിട്ടയച്ചിട്ടില്ല.
2017ല്‍ സിംഗപൂരില്‍ ബിസിനസ് ആവശ്യാര്‍ഥം ഐശ്വര്യ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് തെളിവ് ലഭിച്ചിട്ടുണ്ട്. ശിവകുമാറുമായി അടുപ്പമുള്ള സച്ചിന് നാരായണ്‍ എന്നയാളെയും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 2014ല്‍ സിയൂസ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് സച്ചിന് നാരായണനും ശിവകുമാറും ബിസിനസ് തുടങ്ങിയിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് ഡള്ളാസ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയും രൂപീകരിച്ചിരുന്നു.
കഴിഞ്ഞ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശിവകുമാറിനെതിരേ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കേസെടുത്തത്. അതിനിടയില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കര്‍ണാടകയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിക്കമംഗളൂരു ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ കോളജ് മൈതാനിയില്‍ നടന്ന പ്രതിഷധ സംഗമത്തില്‍ ആയിരങ്ങളാണ് സംബന്ധിച്ചത്.
തുംകൂറിലും പ്രതിഷേധ സംഗമം നടന്നു. വൊക്കലിംഗ സമുദായക്കാരനായ ഡി.കെ ശിവകുമാറിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സമുദായ നേതാക്കളുടെ നേതൃത്വത്തില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."