കൊഴിഞ്ഞുപോക്ക്; നവംബര്‍ 12നകം വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കും
കല്‍പ്പറ്റ: പ്രളയത്തിനു ശേഷം ജില്ലയിലെ സ്‌കൂളുകളില്‍ നിന്നു വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. നവംബര്‍ 12നകം കൊഴിഞ്ഞുപോയവരെ സ്‌കൂളില്‍ തിരിച്ചെത്തിക്കുകയും 14ന് ഡ്രോപ്ഔട്ട് ഫ്രീ വിദ്യാലയമായി ജില്ലയെ പ്രഖ്യാപിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷനായി ആസൂത്രണഭവന്‍ എ.പി.ജെ. ഹാളില്‍ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.
വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി നവംബര്‍ മൂന്ന്, അഞ്ച് തിയതികളില്‍ ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രധാനാധ്യാപകരുടെയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെയും നേതൃത്വത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് യോഗം ചേരും. വൈത്തിരി, മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലകളില്‍ മൂന്നിനും സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചിനുമാണ് യോഗം. പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, സ്്റ്റുഡന്റ് കൗണ്‍സിലര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, ജനമൈത്രി പൊലിസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍, ആരോഗ്യവിഭാഗം, സ്റ്റുഡന്റ് പൊലിസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പദ്ധതി നടത്തിപ്പിനായി സ്‌കൂള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് ഗ്രൂപ്പും രൂപീകരിക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ എത്ര കുട്ടികള്‍ കൊഴിഞ്ഞുപോയി, എത്രപേര്‍ സ്ഥിരമായി വരാതിരിക്കുന്നു എന്നിങ്ങനെയുള്ള കണക്ക് പ്രധാനാധ്യാപകന്‍ യോഗത്തെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തിരിച്ചെത്തിക്കാന്‍ ജനകീയ കര്‍മപദ്ധതി രൂപീകരിക്കും. ഓരോ വിദ്യാലയങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള കര്‍മ പദ്ധതികളാണ് തയാറാക്കുക.
തിരിച്ചെത്തുന്ന ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഇന്‍ഡക്ഷന്‍ ട്രെയിനിങ് നല്‍കിയായിരിക്കും ക്ലാസുകളില്‍ പ്രവേശിപ്പിക്കുക. കൊഴിഞ്ഞുപോയ കുട്ടികളില്‍ സംസ്ഥാനം വിട്ടുപോയവര്‍, ജില്ലയില്‍ നിന്നു പോയവര്‍, വിവാഹിതരായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് വിശദാംശങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."