രോഗികള്‍ ഏറെ; അടിസ്ഥാന സൗകര്യങ്ങളില്ലാതെ മെഡിക്കല്‍ കോളജ്
കോഴിക്കോട്: കാലവര്‍ഷം ആരംഭിച്ചതോടെ പനിബാധിതരുടെ എണ്ണം വര്‍ധിച്ചു തുടങ്ങി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടി മെഡിക്കല്‍ കോളജില്‍ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ദുരിതമനുഭവിക്കുന്നു.
വാര്‍ഡുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ആശുപത്രി വരാന്തയിലും രോഗികള്‍ നിറഞ്ഞുകഴിഞ്ഞു. ഇതുവരെ സാധാരണ പനിബാധിച്ച് 261 പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് അത്യാഹിത വിഭാഗത്തില്‍ 186 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. കാലവര്‍ഷം ആരംഭിക്കും മുന്‍പ് തന്നെ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ പനി ക്ലിനിക്ക് ആരംഭിച്ചിരുന്നു.
എലിപ്പനി ബാധിച്ച് ആറുപേരെയും ഡെങ്കിപ്പനി ബാധിച്ച് 59 പേരെയും, എച്ച് 1 എന്‍ 1 ബാധിച്ച ഒരു രോഗിയെയും ഡിഫ്തീരിയ ബാധിതരായി പത്തു രോഗികളെയും മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിവരുന്നുണ്ട്. ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാണെങ്കിലും സ്ഥലസൗകര്യമില്ലാത്തതും ജീവനക്കാരുടെ കുറവുമാണ് കൃത്യമായ ചികിത്സ നല്‍കുന്നതിന് തടസമായിവരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പ്രധാനമായും നഴ്‌സുമാരുടെ കുറവുമൂലമാണ് പ്രയാസപ്പെടുന്നതെന്നും ആശുപത്രി വികസന സമിതിക്കു കീഴില്‍ നഴ്‌സുമാരെ നിയമിക്കാന്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം സാധിക്കുന്നില്ലെന്നും സമിതി അംഗം പറയുന്നു. അടിയന്തിര സാഹചര്യം നേരിടുന്നതിന് ജില്ലാ ഭരണകൂടം സ്‌പെഷ്യല്‍ ഫണ്ട് ഉപയോഗിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."