വഖ്ഫ് ചട്ടം: കോടതി വിധി രാഷ്ട്രീയ നീക്കത്തിനുള്ള തിരിച്ചടി
കേന്ദ്ര വഖ്ഫ് നിയമം മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വഖ്ഫ് ചട്ടത്തിലെ തെരഞ്ഞെടുപ്പ് യോഗ്യത സംബന്ധിച്ച വകുപ്പ് ബഹു. കേരള ഹൈക്കോടതി റദ്ദാക്കിയത് രാഷ്ട്രീയ നീക്കത്തിനുള്ള തിരിച്ചടിയാണ്. രണ്ട് തവണ വഖ്ഫ് ബോര്‍ഡില്‍ അംഗങ്ങളായവര്‍ വീണ്ടും തെരഞ്ഞെടുപ്പിലൂടെയോ നോമിനേഷന്‍ വഴിയോ വഖ്ഫ് ബോര്‍ഡില്‍ അംഗമാവാന്‍ പാടില്ലെന്ന പുതിയ കേരള വഖ്ഫ് ചട്ടത്തിലെ 58(7) വകുപ്പാണ് ബഹു. ഹൈക്കോടതി റദ്ദാക്കിയത്.
2019 ഒക്ടോബര്‍ 14ന് നിലവിലുള്ള വഖ്ഫ് ബോര്‍ഡിന്റെ കാലാവധി അവസാനിക്കാനിരിക്കെ മുസ്‌ലിം സമുദായത്തിന്റെ വഖ്ഫ് സ്ഥാപനങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവുമുള്ള അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള ആധികാരിക ഔദ്യോഗിക സംവിധാനമായ കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള വകുപ്പ് മന്ത്രിയുടെ നീക്കത്തിനാണ് ബഹു. കേരള ഹൈക്കോടതി തടയിട്ടിട്ടുള്ളത്.
വഖ്ഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി മുഖാന്തരം നടത്താന്‍ വകുപ്പ് മന്ത്രിയും സര്‍ക്കാരും നടത്തിയ ശ്രമങ്ങള്‍ പ്രതിരോധിച്ചത് നിലവിലെ വഖ്ഫ് ബോര്‍ഡ് ആണെന്നതില്‍ മന്ത്രി കടുത്ത ശത്രുത വെച്ച് പുലര്‍ത്തുന്നുണ്ട്. ഇന്നത്തെ കേരളത്തിലെ പി.എസ്.സി നിയമനങ്ങള്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇതോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ വഖ്ഫ് സ്ഥാപനങ്ങളെ രക്ഷിക്കുന്നതിന് നിലവിലെ വഖ്ഫ് ബോര്‍ഡ് സഹിച്ച ത്യാഗത്തിന്റെ വില മനസ്സിലാക്കാവുന്നതാണ്. ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ബോര്‍ഡിനോടൊപ്പം കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളും ഒറ്റകെട്ടായി എതിര്‍ത്തതാണ്.
കേന്ദ്ര വഖ്ഫ് നിയമത്തിലെ വകുപ്പ് 16ല്‍ പറഞ്ഞ അയോഗ്യതകള്‍ക്ക് പുറമെ ഒരു അയോഗ്യത കൂടി കൂട്ടിചേര്‍ത്തത് നിയമനിര്‍മ്മാണ രംഗത്തെ അധികാരപരിധിയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല പുതിയ ചട്ടം മാതൃനിയമമായ കേന്ദ്ര വഖ്ഫ് നിയമത്തെ മറികടക്കാനുള്ള ശ്രമമാണെന്നും കേന്ദ്ര വഖ്ഫ് നിയമത്തിലെ വകുപ്പുകളുമായി പൊരുത്തപെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ചട്ടം നിര്‍മിക്കുന്നത് നിലവിലുള്ള കേന്ദ്ര നിയമത്തെ സഹായിക്കുന്നതിനല്ലാതെ കേന്ദ്ര നിയമത്തിലെ വകുപ്പുകള്‍ക്ക് എതിരാവരുതെന്ന് ബഹു. സുപ്രിംകോടതിയുടെ ഇന്ത്യന്‍ എക്‌സ്‌പ്രെസ് കേസിലെ പരാമര്‍ശവും വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കേന്ദ്ര വഖ്ഫ് നിയമത്തിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു ചട്ടവും രൂപീകരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് കേരള സര്‍ക്കാരിന്റെയും വഖ്ഫ് മന്ത്രിയുടെയും രാഷ്ട്രീയ ദുഷ്ടലാക്കോട് കൂടിയുള്ള നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ബഹു. ഹൈക്കോടതി വിധി. കേന്ദ്ര വഖ്ഫ് നിയമമനുസരിച്ച് യോഗ്യതയുള്ള മുതവല്ലിമാര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് തടയാന്‍ ഒരു നിയമവും നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേരളത്തിലെ വഖ്ഫ് ചട്ടത്തില്‍ 58(7) വകുപ്പ് ചേര്‍ത്തത് നീതിരഹിതമായ കൂട്ടിച്ചേര്‍ക്കലാണെന്നും അധികാരത്തില്‍ കവിഞ്ഞ ഒരു ഏര്‍പ്പാടാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും കോടതി കണ്ടെത്തുകയുണ്ടായി.
നിക്ഷിപ്ത താല്‍പര്യങ്ങള്‍ വഖ്ഫ് ബോര്‍ഡില്‍ ഉണ്ടാക്കുന്നത് തടയുന്നതിനാണ് പ്രസ്തുത ചട്ട നിര്‍മാണമെന്ന സര്‍ക്കാരിന്റെ വാദവും രണ്ട് തവണ അംഗമായ ഒരാളെ മാറ്റി നിര്‍ത്തിയത് ഉയര്‍ന്ന ജനാധിപത്യബോധം കൊണ്ടാണെന്ന് കേസില്‍ കക്ഷി ചേര്‍ന്ന വെള്ളിപറമ്പ് സ്വദേശി അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍, മാവൂര്‍ സ്വദേശി മുഹമ്മദലി എന്നിവരുടെ വാദവും കോടതി നിരാകരിക്കുകയുണ്ടായി. (നമ്മുടെ ബഹു. വഖ്ഫ് മന്ത്രി തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ച് കേരള നിയമസഭയില്‍ അംഗമായ വ്യക്തിയാണ്) ഈ കേസില്‍ യാതൊരു ബന്ധവുമില്ലാത്ത തല്‍പ്പരകക്ഷികളുടെ ഈ കക്ഷിചേരല്‍ കൊണ്ട് നിയമവിരുദ്ധമായ ഈ ചട്ടനിര്‍മാണത്തിന്റെ ഉറവിടം മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കും.
അഡ്വ. പി.വി സൈനുദ്ധീനും ഞാനും മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ രണ്ട് തവണ തുടര്‍ച്ചയായി വഖ്ഫ് ബോര്‍ഡില്‍ അംഗങ്ങളായവരായി ജീവിച്ചിരിപ്പുള്ളവരിലുള്ളൂ. ഞങ്ങള്‍ രണ്ടുപേര്‍ വഖ്ഫ് ബോര്‍ഡില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമം കൊണ്ട് വരാന്‍ മാത്രം ഞങ്ങളെ ആരാണ്, എന്തിനാണ്, ഭയപ്പെടുന്നത്?.
കഴിഞ്ഞ രണ്ട് തവണ ഞങ്ങള്‍ ഉള്‍പ്പെട്ട ബോര്‍ഡ് 500ല്‍ അധികം കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. അതില്‍ അഞ്ച് ശതമാനത്തില്‍ താഴെ കേസുകള്‍ മാത്രമേ അപ്പീലുകളില്‍ ഭേദഗതി ചെയ്യപ്പെടുകയോ വഖ്ഫ് ബോര്‍ഡിലേക്ക് വീണ്ടും പരിഗണനക്കായി അയക്കുകയോ ചെയ്തിട്ടുള്ളൂ. ശേഷിക്കുന്ന 95 ശതമാനത്തില്‍ അധികം കേസുകളിലും ബോര്‍ഡിന്റെ വിധി അപ്പീല്‍ കോടതികള്‍ ശരിവെക്കുകയാണുണ്ടായത്. ഞങ്ങള്‍ ഉള്‍പ്പെട്ട ബോര്‍ഡിന്റെ പ്രവര്‍ത്തനം തീര്‍ത്തും നിക്ഷ്പക്ഷവും നീതിപൂര്‍വ്വവുമായിരുന്നു എന്നതിന് ഇതില്‍പ്പരം ഒരു തെളിവ് ആവശ്യമില്ലല്ലോ.
ഇനിയൊരു മത്സരത്തിന് കൂടി എന്തായാലും ഇല്ല എന്ന നിലപാടില്‍ എത്തിയവരാണ് ഞങ്ങള്‍ ഇരുവരും. വകുപ്പ് മന്ത്രിയുടെ അഹങ്കാരത്തില്‍ നിന്നുണ്ടായ അയോഗ്യത കാരണം പുറത്തുപോയവരായി സമൂഹം കണക്കാക്കരുത് എന്നതിനാലാണ് നിയമവിരുദ്ധമായ ഈ ചട്ടത്തെ എതിര്‍ക്കുന്നതിനുള്ള കേസിലെ ഹരജിക്കാരായി ഞങ്ങള്‍ എത്താന്‍ കാരണമായത്.
തെറ്റായ നിയമം മൂലം ഉണ്ടായ അയോഗ്യത കേരള ഹൈക്കോടതിയുടെ വിധിയിലൂടെ നീങ്ങിയിട്ടുണ്ടെങ്കിലും അടുത്ത വഖ്ഫ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ സ്ഥാനാര്‍ഥികളായിരിക്കുമെന്നുള്ള പ്രഖ്യാപനമല്ല പ്രസ്തുത കേസിലെ വിധി. മറിച്ച് അല്ലാഹുവില്‍ നിക്ഷിപ്തമായ വഖ്ഫ് സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരമുള്ള വഖ്ഫ് ബോര്‍ഡിനെ രാഷ്ട്രീയവത്കരിക്കുന്നതിനുള്ള നീക്കത്തെ ചെറുക്കാനും ഭാവിയില്‍ മുസ്‌ലിം സമുദായത്തിന് അനിവാര്യമായ ആരുടെയെങ്കിലും സാന്നിധ്യം തുടര്‍ച്ചയായി വഖ്ഫ് ബോര്‍ഡില്‍ അനിവാര്യമായ ഒരു സാഹചര്യമുണ്ടാകുന്ന പക്ഷം അതിനുള്ള അന്യായമായ തടസ്സം നീക്കുന്നതിനുമായിരുന്നു ഉന്നത നീതിപീഠത്തെ സമീപിച്ചത്.
എം.സി.മായിന്‍ ഹാജി
(മെമ്പര്‍, കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."