മലയാളഭാഷയ്ക്ക് പരുക്കേല്‍ക്കാതിരിക്കാന്‍
'ഞാന്‍ പിണറായി വിജയന്‍' എന്നു തുടങ്ങി 'നമുക്കൊരുമിച്ചു മുന്നേറാം' എന്നവസാനിക്കുന്ന മുഖ്യമന്ത്രിയുടെ സന്ദേശം ആകാശവാണിയില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. ആ പരസ്യത്തിനൊടുവില്‍ പറയുന്നത്, 'ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്കേഷന്‍ വകുപ്പ്, കേരളസര്‍ക്കാര്‍' എന്നാണ്. അതിലെ 'സര്‍ക്കാര്‍' എന്ന ഹിന്ദി പദം ഇന്ന് ഏതാണ്ട് മലയാളമായിരിക്കുകയാണ്. അതുകൊണ്ട് ആ വാക്കിനെ മാറ്റിനിര്‍ത്താം.
'ആന്‍ഡ് ' എന്ന ഇംഗ്ലീഷ് വാക്ക് എങ്ങനെയാണു മലയാളം ഭരണഭാഷ ആയിടത്തു കയറിവരുന്നത്. എന്താണ് ഈ 'ഇന്‍ഫര്‍മേഷനും' 'പബ്ലിക്കേഷനും' .അവയ്ക്കു മലയാളമില്ലേ. ഇവിടെയാണു ഭരണഭാഷ ഇനിമുതല്‍ മലയാളമാണെന്നു കൊട്ടിഘോഷിക്കുന്ന നാം നമ്മെത്തന്നെ തോല്‍പ്പിക്കുന്നത്.
2017 മെയ് ഒന്നിനു സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ ഈ തകരാറുകള്‍ കാണാം. അതില്‍ പറയുന്നു: 'സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്നുമുതല്‍ ഓഫിസ് നടപടികള്‍ മലയാളത്തില്‍. സര്‍ക്കുലറുകള്‍, കത്തിടപാടുകള്‍, റിപ്പോര്‍ട്ടുകള്‍, ഉത്തരവുകള്‍ തുടങ്ങിയവയെല്ലാം മലയാളത്തിലായിരിക്കണം.'
സെക്രട്ടേറിയറ്റിനും ഓഫിസിനും സര്‍ക്കുലറിനും ഫയലിനും റിപ്പോര്‍ട്ടിനും പകരം വയ്ക്കാന്‍ മലയാളവാക്കില്ലാതെ ഭരണകൂടം വിഷമിക്കുന്നു. മലയാളവര്‍ഷമായ ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) മുതല്‍ കേരളത്തില്‍ ഔദ്യോഗികഭാഷ മലയാളമായി ഉത്തരവിറങ്ങിയതാണ്. പി.എസ്.സി പരീക്ഷയിലെ ചോദ്യങ്ങളും മലയാളത്തിലാക്കി. ഇതിനെതിരേ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
എല്ലാ വിദ്യാലയങ്ങളിലും ഈ വര്‍ഷം ഒന്നാംക്ലാസില്‍ മലയാളം നിര്‍ബന്ധമാക്കുന്ന ബില്‍ 2017 മെയ് 24 നു നിയമസഭ പാസാക്കി. ഭാഷാന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും അവര്‍ക്ക് അവരുടെ മാതൃഭാഷയില്‍തന്നെ തുടര്‍ന്നു പഠിക്കാമെന്നും വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കി. മലയാളംകൂടി പഠിക്കണമെന്നു മാത്രം.
2017 മെയ് മുതല്‍ മലയാളമായിരിക്കും കേരളത്തിന്റെ ഭരണഭാഷയെന്നാണു കഴിഞ്ഞമാസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്. (ഇതര സംസ്ഥാനങ്ങളുമായും രാജ്യങ്ങളുമായും ഇടപെടുമ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കാം). കേരളം രൂപവല്‍ക്കരിച്ച് അറുപതു വര്‍ഷം കഴിഞ്ഞിട്ടാണെങ്കിലും സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇംഗ്ലീഷ് മാത്രം പഠിച്ച് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന അവസ്ഥ ഇനി ഇല്ലാതാവും.
പുതിയ ഉത്തരവ് വഴി സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാതൃഭാഷ പഠനമാധ്യമമാകുന്നതിലൂടെ കുരുന്നുപ്രായത്തില്‍ സംഗതികള്‍ നേരേചൊവ്വേ മനസിലാക്കാന്‍ കഴിയും. എന്നാല്‍, മാതൃഭാഷാപ്രേമം മൂത്ത് മറ്റെല്ലാ ഭാഷകളെയും അവഗണിക്കുകയും ബിരുദവും ബിരുദാനന്തരബിരുദവുമെല്ലാം മലയാളമാധ്യമത്തില്‍ കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാര്‍ഥിയുടെ തൊഴില്‍ സാധ്യത എന്താണ്. കേരളത്തില്‍ അത്തരം ബിരുദക്കാര്‍ക്ക് തൊഴില്‍ലഭ്യത എത്രത്തോളമാണ്.
ജാതിമതചിന്തപോലെ വികാരവേലിയേറ്റത്തിനു വഴിവയ്ക്കുന്നതാണു ഭാഷാപ്രേമം. പോറ്റി ശ്രീരാമലുവിനെപ്പോലൊരു മഹാസാത്വികന്‍ ഉപവസിച്ചു മരിക്കേണ്ടിവന്നതിനെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശ് എന്ന ആദ്യത്തെ ഭാഷാസംസ്ഥാനം നിലവില്‍വരുന്നത്. തമിഴ്‌നാട്ടിലാകട്ടെ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന മുറവിളിയില്‍ തുടങ്ങിയ ഭാഷാസമരത്തിന്റെ അലയൊലി കെട്ടടങ്ങിയിട്ടില്ല. ദേശീയപാതയിലെ ബോര്‍ഡുകള്‍ ഹിന്ദിയാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ രാഷ്ട്രീയകക്ഷികള്‍ പ്രക്ഷോഭ രംഗത്താണ്.
സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതും ചലച്ചിത്രങ്ങള്‍ക്കു ഹിന്ദിയില്‍ ഉപശീര്‍ഷകങ്ങള്‍ നല്‍കണമെന്നു ശഠിക്കുന്നതും ഹിന്ദി അടിച്ചേല്‍പ്പിക്കലിന്റെ ഭാഗമാണെന്ന് അവര്‍ വാദിക്കുന്നു. 1937 ല്‍ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കാന്‍ രാജഗോപാലാചാരി ഗവണ്‍മെന്റ് എടുത്ത തീരുമാനത്തിനെതിരേ തന്തൈ പെരിയാറുടെ നേതൃത്വത്തില്‍ കലാപം സൃഷ്ടിച്ചിരുന്നു. 1967 ല്‍ ഡി.എം.കെ ഗവണ്‍മെന്റ് തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നപ്പോള്‍ തമിഴും ഇംഗ്ലീഷും എന്ന ദ്വിഭാഷാ പദ്ധതി ആവിഷ്‌കരിച്ചു ഹിന്ദിയെ പുറംതള്ളുകയും ചെയ്തു.
ചെന്നൈ ആസ്ഥാനമായ ദക്ഷിണഭാരത ഹിന്ദി പ്രചാര്‍സഭയുടെ പ്രവര്‍ത്തനഫലമായി ഹിന്ദി വിരോധം കുറേയൊക്കെ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ മനോഭാവ മാറ്റമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളെ തമിഴ്‌നാട്ടിലെത്തിച്ചതിലൂടെ വ്യക്തമാകുന്നത്. ഹിന്ദിക്കുവേണ്ടിയുള്ള പിടിമുറുക്കല്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ശക്തമാണ്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഹൈക്കോടതികളിലും ഹിന്ദി ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുകയാണ്.
മലയാളം ഭരണഭാഷയാകുമ്പോള്‍ കാസര്‍കോട്ടെ രണ്ടു നിയോജകമണ്ഡലങ്ങളിലെങ്കിലും ഭാഷാന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള ഭീതി നിലനില്‍ക്കുന്നുണ്ട്. കേരള നിയമസഭ ഔദ്യോഗിക മലയാളഭാഷാ ബില്‍ പാസാക്കുന്നതിന്റെ തലേന്നു കാസര്‍കോട് കലക്ടറേറ്റില്‍ നടന്ന ധര്‍ണ ഇതിനു തെളിവാണ്. പുലര്‍ച്ചെ അഞ്ചുമണിക്കുതന്നെ പ്രകടനവുമായി എത്തിയ പതിനായിരത്തോളം പേരില്‍ അധ്യാപകരും വിദ്യാര്‍ഥികളുമുണ്ടായിരുന്നു. ഇടതുമുന്നണി ഒഴിച്ചുള്ള കക്ഷികളുടെയെല്ലാം പിന്തുണയുണ്ടായിരുന്നു.
ഉപ്പള മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതിയെയും ബേള ക്രൈസ്തവ ദേവാലയത്തിലെ മുഖ്യപുരോഹിതന്‍ ഫാ. വിന്‍സെന്റ് ഡിസൂസയെയും ഉപ്പള പള്ളി ഇമാം മൗലാനാ അബ്ദുല്‍ അസീസിനെയും പോലുള്ള മതനേതാക്കളുമുണ്ടായിരുന്നു. കന്നഡ ഭാഷ സംസാരിക്കുന്ന നാലുലക്ഷംപേരുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് കന്നഡ സമന്വയ സമിതി നേതാക്കള്‍ ഇതു നടത്തിയത്. ഭാഷയെ തനിമയിലേയ്ക്കു തിരിച്ചുനടത്താനാണ് എല്ലായിടത്തും ശ്രമം.
ഔദ്യോഗികവാഹനങ്ങള്‍ക്കു മുകളിലെ ചുവപ്പുവിളക്കു മാറ്റുമ്പോലെ അനായാസം നടത്താവുന്നതല്ല ഭാഷാ മാറ്റം. മാതൃഭാഷാസ്‌നേഹം മൂത്തു കേരള മന്ത്രിമാര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് മലയാളത്തിലാക്കി തുടങ്ങിയപ്പോള്‍ നാം അതു കണ്ടു. മാതൃഭാഷാ പ്രേമം നല്ലതുതന്നെയെങ്കിലും അതുകൊണ്ടു മാത്രം ജീവിക്കാനൊക്കുമോയെന്നു ചോദിച്ചാല്‍ മറുപടി നിഷേധാര്‍ഥത്തിലാവും. ഭാഷയ്ക്കു പരിരക്ഷയും പരിപോഷണവും ലഭിക്കാന്‍ ശിശുക്ലാസ് മുതല്‍ അതു പഠിക്കണമെന്നതില്‍ സംശയമില്ല. എന്നാല്‍ ഭാഷയ്ക്കു സുതാര്യതയും സംവേദനക്ഷമതയുമില്ലെങ്കില്‍ സാവകാശം അതു മൃതഭാഷയായിത്തീരും.
എല്ലാ ഭാഷകളും വാക്കുകള്‍ പരസ്പരം കൈമാറിയും സ്വീകരിച്ചുമാണു വളര്‍ന്നത്. സൈക്കിള്‍, കാര്‍, സ്വിച്ച്, ബുക്ക്, പേപ്പര്‍, ബെഞ്ച്, ഡെസ്‌ക്, ബോര്‍ഡ്, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ഇംഗ്ലീഷ് വാക്കുകള്‍ക്കു മലയാളം തിരഞ്ഞുപോയാല്‍ കഷ്ടപ്പെടും. അതേസമയം സുപ്രിംകോടതി വിധി എന്നും ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും എക്‌സ്പ്രസ് വണ്ടി പാളം തെറ്റിയെന്നും വോട്ടിങ് യന്ത്രം പരിശോധിക്കുന്നുവെന്നും സൗജന്യചെക്കപ്പ് നടത്തുമെന്നുമൊക്കെ പറയുകയും എഴുതുകയും ചെയ്യുമ്പോള്‍ നാം സ്വയം ചെറുതാക്കിക്കളയുകയാണ്.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ബി.എ, ബി.എസ്.സി, ബി.കോം, എം.എ, എം.കോം, എം.ബി.ബി.എസ്, എന്‍ജിനിയറിങ് എന്നൊക്കെ പറയേണ്ടിവരുമ്പോള്‍ നമുക്കു വേറെ പദങ്ങളൊന്നുമില്ല. പോസ്റ്റ്മാന്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, .എം.എല്‍.എ, എം.പി, സ്പീക്കര്‍ എന്നീ പദങ്ങളുടെ കാര്യത്തിലും അതുതന്നെ അവസ്ഥ. അറബിയില്‍നിന്നും ഹിന്ദിയില്‍നിന്നും ഉര്‍ദുവില്‍നിന്നും സംസ്‌കൃതത്തില്‍നിന്നുമൊക്കെ ഒരുപാടു വാക്കുകള്‍ കടമെടുത്ത് വളര്‍ന്ന മലയാള ഭാഷയ്ക്ക് ഇംഗ്ലീഷിനോട് മാത്രം അയിത്തം കല്‍പിക്കേണ്ടതില്ല.
ഇംഗ്ലീഷുകാരന്‍ തന്നെ നമ്മുടെ കഞ്ഞിയും കറിയും ചട്ട്ണിയും പന്തലും കയറുമൊക്കെ അവന്റെ ഡിക്ഷനറിയില്‍ കയറ്റി കാലങ്ങളായി. കുഞ്ഞുണ്ണി മാഷുടെ കവിത വായിച്ച് ആവേശം കൊണ്ടതുകൊണ്ടായില്ല. അതുള്‍ക്കൊള്ളണം. കവി പാടി: ''അമ്പത്താറക്ഷരമല്ല, അമ്പത്തൊന്നക്ഷരമല്ല മലയാളം, മലയാളമെന്ന നാലക്ഷരവുമല്ല, അമ്മ എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം''.
മഞ്ചേശ്വരം മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ചാലറിയാം മലയാളഭാഷയുടെ വൈവിധ്യം. ആ നിലയ്ക്കു ഭാഷയ്ക്കുവേണ്ടിയുള്ള കടുംപിടുത്തമൊഴിവാക്കി കൊള്ളാവുന്നവ കൊണ്ടും തള്ളാവുന്നവ തള്ളിയുമുള്ള ഭാഷാസ്‌നേഹത്താലേ ഏതൊരു ഭാഷയും വളര്‍ന്നുവികസിക്കൂ. അക്ഷരങ്ങള്‍ മലയാളീകരിച്ചപ്പോഴും മലയാളം അക്കങ്ങളെ നാം വെറുതെ വിട്ടതാണല്ലോ. ഇംഗ്ലീഷ് വാക്കുകള്‍ ചേര്‍ത്ത് ഒരു ചെറുപ്പക്കാരന്‍ മലയാളം പറഞ്ഞപ്പോള്‍ അവന്റെ മുഖത്തടിക്കാന്‍ തോന്നിയെന്നു ക്ഷുഭിതനായി എഴുതിയ ഡോ. സുകുമാര്‍ അഴീക്കോടിനെ ഓര്‍മവരുന്നു. അദ്ദേഹം ആ ലേഖനത്തിലും ഗവണ്‍മെന്റ് എന്നും പ്രോഗ്രാം എന്നും ഹൈജാക്ക് എന്നുമൊക്കെയാണു പ്രയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."