നവോത്ഥാനം പെരുവഴിയില്‍
തിരുവനന്തപുരം: ശബരിമല വനിതാ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പെരുവഴിയില്‍. നവോത്ഥാന സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്റെ നേതൃത്വത്തിലുള്ള ഹിന്ദു പാര്‍ലമെന്റിലെ 50ല്‍ അധികം സമുദായ സംഘടനകള്‍ സമിതി വിട്ടു. സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് പിന്‍മാറുന്നതെന്നാണ് വിശദീകരണം.
പല ഘട്ടങ്ങളിലായി തലപൊക്കിയ വിവാദങ്ങള്‍ക്കൊടുവിലാണ് നവോത്ഥാന സമിതിയില്‍ പിളര്‍പ്പുണ്ടാകുന്നത്. സമിതിയില്‍ അംഗങ്ങളായ നൂറോളം സമുദായ സംഘടനകളില്‍ 50ലേറെ ഹൈന്ദവ സംഘടനകളാണ് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ പുറത്തുപോയത്.
നവോത്ഥാന സമിതിയുടെ രൂപീകരണ ലക്ഷ്യങ്ങളില്‍നിന്ന് അകന്നതാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെ.പി.എം.എസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുള്ള ഭിന്നതയാണ് പിളര്‍പ്പിനുള്ള മുഖ്യകാരണമെന്നാണ് സൂചന.
ഹിന്ദു സമുദായത്തിന്റെ നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ 2009ല്‍ രൂപീകരിച്ച ഹിന്ദു പാര്‍ലമെന്റ് ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചിരുന്നില്ല. സി.പി സുഗതന്‍ അടക്കമുള്ളവര്‍ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങി. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകള്‍ ശബരിമല പ്രക്ഷോഭം ഏറ്റെടുത്തതോടെ എസ്.എന്‍.ഡി.പിക്കും കെ.പി.എം.എസിനുമൊപ്പം ഹിന്ദു പാര്‍ലമെന്റിനെയും സര്‍ക്കാര്‍ നവോത്ഥാന സമിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു മത നേതാക്കളെയും സമിതിയില്‍ അംഗങ്ങളാക്കി. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ വനിതാ മതിലിലും സംഘടന സജീവമായി. പിന്നീട് നവോത്ഥാന സമിതി സ്ഥിരം സമിതിയാക്കുകയും ജില്ലകള്‍ തോറും കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തതോടെയാണ് സമുദായ സംഘടനകള്‍ തമ്മില്‍ ഭിന്നത രൂക്ഷമായത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സി.പി.എം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ഥത തെളിയിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഹിന്ദു പാര്‍ലമെന്റ് ആത്മീയസഭാ നേതാക്കളും വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."