തര്‍ക്കം പരിഹരിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു; രണ്ടുപേര്‍ പിടിയില്‍
കരുനാഗപ്പള്ളി (കൊല്ലം): അയല്‍പക്കക്കാര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ സഹോദരങ്ങളായ രണ്ടുപേര്‍ പൊലിസിന്റെ പിടിയിലായി. കുലശേഖരപുരം കുഴിവേലി ജങ്ഷനു സമീപം നീലികുളം വാര്‍ഡില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കരുനാഗപ്പള്ളി കുലശേഖരപുരം നീലികുളം ലാലി ഭവനത്തില്‍ ഉത്തമന്‍ - സുശീല ദമ്പതികളുടെ മകന്‍ സുജിത്ത് എന്ന് വിളിക്കുന്ന ലാലുക്കുട്ടന്‍ (35 )ആണ് മരിച്ചത്. സംഭവത്തില്‍ കുലശേഖരപുരം നീലികുളം വെളുത്തേരില്‍ ഷെഹിംഷാ (26), അലി അഷ്‌കര്‍ (21) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: കുഴിവേലി ജങ്ഷനില്‍ മത്സ്യവ്യാപാരം നടത്തുന്ന സരസന്‍ എന്നയാളും ഇയാളുടെ അയല്‍വാസിയായ വെളുത്തേരി ഷംസുദ്ദീന്റ ഭാര്യ ഷൈലജാ ബീവിയും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. സരസന്‍ തന്റെ അയല്‍വാസിയും ഡ്രൈവറുമായ ലാലുക്കുട്ടനെ പ്രശ്‌നം പരിഹരിക്കാനായി ഷൈലജാ ബീവിയുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ഷൈലജാ ബീവിയുടെ മക്കളായ പ്രതികളുമായി സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയുംസംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ ഒന്നാം പ്രതി അലിഅഷ്‌കര്‍ സമീപത്തെ ഇറച്ചിക്കടയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സുജിത്തിനെ കുത്തിവീഴ്ത്തി. ഉടന്‍ തന്നെ ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവീട്ടുകാരും തമ്മില്‍ നേരത്തേയും ഇത്തരത്തില്‍ വഴക്കുണ്ടായിട്ടുണ്ട്.
ഇതിനിടെ സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. ഇരു വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവം വര്‍ഗീയവല്‍ക്കരിക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമം പൊലിസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ഒളിവിലായിരുന്ന പ്രതികളെ പൊലിസ് പിന്നീട് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി വിദ്യാധരന്റെയും സി.ഐ മുഹമ്മദ് ഷാഫിയുടെയും നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. സുജിത്തിന്റെ ഭാര്യ: ചിത്ര, മക്കള്‍: അനഖ (10), വൈഗ (2).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."