ഉഷ സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക് വ്യാഴാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കിനാലൂരില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ പണിത സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് ഉദ്ഘാടനമെന്ന് പി.ടി ഉഷ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 8.5 കോടി മുടക്കിയാണ് ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്.
2011ല്‍ കേന്ദ്ര കായിക മന്ത്രിയായിരുന്ന അജയ് മാക്കന്‍ സ്‌കൂള്‍ സന്ദര്‍ശിച്ച നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നതെന്ന് ഉഷ പറഞ്ഞു. അദ്ദേഹമാണ് പ്രവൃത്തിയുടെ ഉദ്ഘാടനം 2011 ഒക്ടോബറില്‍ നിര്‍വഹിച്ചത്. ഉദ്ഘാടന പരിപാടിയില്‍ മന്ത്രി എ.സി മൊയ്തീന്‍, എം.പി മാരായ എ ം.കെ രാഘവന്‍, സുരേഷ് ഗോപി, എം.എല്‍.എ മാരായ പുരുഷന്‍ കടലുണ്ടി, ഒ രാജഗോപാല്‍ പങ്കെടുക്കും.
ഒാട്ടം ഇപ്പോഴും തുടരുന്നു: ഉഷ
കോഴിക്കോട്: വളരേ ചെറുപ്പത്തിലേ ആരംഭിച്ച തന്റെ ഓട്ടം ഇപ്പോഴും തുടരുകയാണെന്ന് പി.ടി ഉഷ. 1977ല്‍ കായിക രംഗത്തെത്തിയ താന്‍ ആ വഴിക്കുള്ള ഓട്ടം ഇപ്പോഴും തുടരുകയാണ്. ഇന്ത്യക്ക് അഭിമാനമായ കായിക താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തിലാരംഭിച്ച ഉഷ സ്‌പോര്‍ട്‌സ് സ്‌കൂളിന് ഒരു തിലകക്കുറിയാണ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന സിന്തറ്റിക് ട്രാക്ക്.
കായിക താരങ്ങള്‍ക്ക് നല്ല പരിശീലനം നല്‍കാന്‍ കഴിയുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ട്രാക്കാണ് കിനാലൂരില്‍ നിര്‍മിച്ചിരിക്കുന്നത്. കൊച്ചിയിലും മംഗലാപുരത്തും മൈസൂരുവിലും കുട്ടികളെ കൊണ്ടുപോയി പരിശീലിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതിനൊക്കെ പരിഹാരമായി നിരവധി കാലത്തെ സ്വപ്നമായി ഉഷ സ്‌കൂളില്‍ തന്നെ ട്രാക്ക് വന്നിരിക്കയാണ്. 1980ല്‍ മോസ്‌കോ ഒളിംപിക്‌സിന് പോയപ്പോഴാണ് സിന്തറ്റിക് ട്രാക്ക് കണ്ടത്.എട്ട് വരികളിലായി നാനൂറ് മീറ്റര്‍ ട്രാക്കാണ് പണിതിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സ്റ്റേഡിയവും ഫ്‌ളഡ്‌ലിറ്റ് സൗകര്യവും മറ്റ് ചില സൗകര്യങ്ങളും കൂടി വരേണ്ടതുണ്ട്. അതു കൂടെ പൂര്‍ത്തിയായാല്‍ വിവിധ മത്സരങ്ങള്‍ക്കും ട്രാക്ക് വേദിയകുമെന്നും ഉഷ പറഞ്ഞു. നിരന്തരമായ പരിശീലനം ചെറുപ്പത്തിലേ ലഭിച്ചാല്‍ നല്ല താരങ്ങളെ നമുക്ക് സൃഷ്ടിക്കാനാകും. പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സിന് കുറച്ചു കൂടി പ്രാധാന്യം നല്‍കണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."