ഷൂട്ടിങ് ലോകകപ്പ്: ജിതു- ഹീന സഖ്യത്തിന് സ്വര്‍ണം
ഗബല (അസര്ബൈജാന്): ഇന്ത്യയുടെ ജിതു റായിയും ഹീന സിധുവും ചേര്‍ന്ന സഖ്യം ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പ് റൈഫിള്‍, പിസ്റ്റള്‍ സീരീസില്‍ സ്വര്‍ണം സ്വന്തമാക്കി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഡബിള്‍സിലാണ് ഇന്ത്യന്‍ ടീമിന്റെ സുവര്‍ണ നേട്ടം.
0-4 എന്ന പോയിന്റിന് പിന്നില്‍ നിന്ന ശേഷം ശക്തമായ പോരാട്ടം കാഴ്ചവച്ച് മത്സരം 7-6ന് സ്വന്തമാക്കിയാണ് ജിതു- ഹീന സഖ്യം സ്വര്‍ണം സ്വന്തമാക്കിയത്. ഈ വര്‍ഷം ഇരുവരും ചേര്‍ന്ന നേടുന്ന രണ്ടാം ലോകകപ്പ് സ്വര്‍ണമാണിത്. നേരത്തെ ന്യൂഡല്‍ഹിയില്‍ നടന്ന പോരാട്ടത്തിലാണ് ഇരുവരും സുവര്‍ണ നേട്ടത്തിലെത്തിയത്. 2020ലെ ടോക്യോ ഒളിംപിക്സില്‍ പുതിയ ഇനമായി മത്സരം ഉള്‍പ്പെടുത്തിയതിനാല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇരുവരുടേയും പ്രകടനം.
അതേസമയം ഈയൊരു സുവര്‍ണ നേട്ടം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ മത്സരിച്ച സഞ്ജീവ് രജപുത്, ഇതേ ഇനത്തില്‍ 25 മീറ്ററില്‍ മത്സരിച്ച ഒളിംപിക്സ് മെഡല്‍ ജേതാവ് ഗഗന് നരംഗ് എന്നിവര്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. 10 മീറ്റര്‍ എയര്‍ പിസ്റ്റളിന്റെ വ്യക്തിഗത ഇനത്തില്‍ മത്സരിച്ച ജിതു റായിക്ക് 12ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. ഈയിനത്തില്‍ മത്സരിച്ച പ്രകാശ് നഞ്ചപ്പ, ഓംകാര്‍ സിങ് എന്നിവര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.
45 രാജ്യങ്ങളില്‍ നിന്നായി 430 താരങ്ങളാണ് ലോകകപ്പില്‍ മാറ്റുരച്ചത്. 12 വനിതാ താരങ്ങളും 11 പുരുഷ താരങ്ങളുമുള്‍പ്പെടെ 23 പേരാണ് ഇന്ത്യക്കായി പോരിനിറങ്ങിയത്. റൈഫിള്‍, പിസ്റ്റള്‍ ഷൂട്ടര്‍മാര്‍ക്ക് ഐ.എസ്.എസ്.എഫ് ലോകകപ്പ് ഫൈനല്‍സിലേക്ക് യോഗ്യത നേടാനുള്ള അവസാന അവസരം കൂടിയായിരുന്നു ടൂര്‍ണമെന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."