ജലഅതോറിറ്റി പെന്‍ഷന്‍കാര്‍ക്ക് ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ നിഷേധിച്ചു; മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്
തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ ജല അതോറിറ്റിയിലെ പെന്‍ഷന്‍കാര്‍ക്ക് യഥാസമയം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരണം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജലഅതോറിറ്റി മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
2014 ജൂലൈ മുതലുള്ള ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കൊപ്പം ജല അതോറിറ്റി പെന്‍ഷന്‍കാര്‍ക്കും നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഒന്നാം ഗഡു പെന്‍ഷന്‍ കുടിശിക 2018 ഓഗസ്റ്റ് 16 ന് മാത്രമാണ് നല്‍കിയത്. അതേസമയം സര്‍വിസ് പെന്‍ഷന്‍കാര്‍ക്ക് നാലാം ഗഡുവരെയുള്ള പെന്‍ഷന്‍ കുടിശിക ഇതിനകം ലഭിച്ചു.
ബാക്കി മൂന്ന് ഗഡുക്കള്‍ എന്ന് ലഭിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് അതോറിറ്റിയിലെ പെന്‍ഷന്‍കാര്‍. സാമ്പത്തിക പ്രയാസമാണ് കാലതാമസത്തിന് കാരണമെന്ന് ജലഅതോറിറ്റി പറയുന്നുണ്ടെങ്കിലും സര്‍വിസിലുള്ളവരുടെ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കി കഴിഞ്ഞു.
പെന്‍ഷന്‍കാരുടെ സൗകര്യാര്‍ത്ഥം ജല അതോറിറ്റി ആസ്ഥാനത്തെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെന്‍ഷന്‍ ഓഫിസ് അതോറിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ നാല്, ഏഴ്, ഒന്‍പത് നിലകളിലേക്ക് മാറ്റിയതിനെ കുറിച്ചും അതോറിറ്റിയില്‍ നിന്നും കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. പെന്‍ഷന്‍ വിഭാഗം മൂന്നായി വിഭജിച്ചാണ് മുകള്‍ നിലയില്‍ മാറ്റിയത്. ജല അതോറിറ്റിയിലെ 8756 പെന്‍ഷന്‍കാരെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്.
ഇവരില്‍ 30 ശതമാനം 70 വയസ് കടന്നവരാണ്. ലൈഫ് സര്‍ട്ടിഫിക്കേറ്റും മറ്റും സമര്‍പ്പിക്കാനെത്തുന്നവര്‍ വളരെയധികം ബുദ്ധിമുട്ടുകയാണെന്ന് സി.ആര്‍ പങ്കജാക്ഷ കുറുപ്പും നാല്‍പ്പതോളം പെന്‍ഷന്‍കാരും ചേര്‍ന്ന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."