തൃക്കോവില്‍വട്ടം പി.എച്ച്.സിയും സബ്‌സെന്ററും ബസ്‌സര്‍വീസ് ഇല്ലാത്ത സ്ഥലത്ത്
കൊട്ടിയം: കണ്ണനല്ലൂര്‍ പാലമുക്കിന് സമീപം തൃക്കോവില്‍വട്ടം ഗവ.പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം വൃദ്ധജനങ്ങളെയും കുട്ടികളെയും ഒരുപോലെ വലയ്ക്കുന്നു. ഇടുങ്ങിയ പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ വര്‍ഷങ്ങളായി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്‌ളക്‌സിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ശോചനീയാവസ്ഥയെ തുടര്‍ന്ന് ഇപ്പോള്‍ മാറ്റിയത് ചിലരുടെ താല്‍പര്യസംരക്ഷണത്തിനാണെന്ന് ആക്ഷേപമുണ്ട്.
കണ്ണനല്ലൂര്‍ ജങ്ഷനിലായിരുന്ന സബ്‌സെന്റര്‍ രണ്ടുമാസം മുന്‍പാണ് ഒരു വാര്‍ഡ്‌മെമ്പറുടെ പിന്തുണയോടെ തൃക്കോവില്‍വട്ടത്തെ പഞ്ചായത്ത് ഭരണസമിതി, കണ്ണനല്ലൂര്‍നോര്‍ത്ത് വാര്‍ഡിലെ ബസ് സര്‍വീസ് പോലുമില്ലാത്ത ആസാദ് ജങ്ഷനിലേക്ക് മാറ്റിയത്. ഇതാണ് രോഗികള്‍ക്ക് വലിയ ഇരുട്ടടിയായത്. മെയിന്‍ സെന്റര്‍ തന്നെ കണ്ണനല്ലൂരില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ചേരീക്കോണം വാര്‍ഡിലെ പാലമുക്കില്‍ ബസ്‌സര്‍വീസ് ഇല്ലാത്തിടത്തായത് നാട്ടുകാര്‍ക്ക് അസൗകര്യമുണ്ടാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
രണ്ട് പതിറ്റാണ്ടു മുന്‍പ് വസ്തുവാങ്ങിയാണ് മെയിന്‍ ഹെല്‍ത്ത് സെന്റര്‍ അവിടെ നിര്‍മിച്ചത്. ഹെല്‍ത്ത് സെന്റര്‍ തന്നെ കണ്ണനല്ലൂരിലെ മുഖത്തലയോ അല്ലെങ്കില്‍ പഞ്ചായത്തിലെ തന്നെ റൂട്ട്ബസ് സര്‍വീസ് ഉള്ള ഏതെങ്കിലും സ്ഥലത്തോ സെന്റര്‍ മാറ്റിസ്ഥാപിക്കണമെന്നാണ് രോഗികളുടെ ആവശ്യം. അതേസമയം കണ്ണനല്ലൂര്‍ ജങ്ഷനിലെ മൈതാനത്തോട് സമീപം വര്‍ഷങ്ങളായി ആയൂര്‍വേദ ആശുപത്രി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ കിടത്തി ചികിത്സയ്ക്ക് മറ്റൊരു കെട്ടിടവും നിര്‍മിച്ചിട്ടുണ്ടെങ്കിലും അവിടെ ഇതുവരെ കിടത്തിചികിത്സ തുടങ്ങിയിട്ടില്ല. ഇവിടേയ്ക്ക് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മാറ്റി സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ മറ്റൊരു നിര്‍ദ്ദേശം.
മാറ്റിസ്ഥാപിച്ചാല്‍ പകരം കെട്ടിടം ഇപ്പോഴത്തെ ആയുര്‍വേദ ആശുപത്രിയ്ക്കായി, കണ്ണനല്ലൂരിലോ സമീപത്തോ തന്നെ നല്‍കാന്‍ പഞ്ചായത്തിനാകും. 23 വാര്‍ഡുകളുള്ള തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ മിക്കവര്‍ക്കും തന്നെ എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലത്ത് പി.എച്ച്.സി കിടന്നിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ അധികൃതര്‍ക്ക് വര്‍ഷങ്ങളായി കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
രണ്ട് പതിറ്റാണ്ടിയിട്ടും തൃക്കോവില്‍വട്ടം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സയും പരിശോധനയും ആരംഭിക്കാത്തതും കൂടുതല്‍ രോഗികളെത്തുന്നതിന് തടസമാകുന്നുണ്ട്. എന്നാല്‍ സ്ഥാപനം ഇവിടെതന്നെ തുടരുകയാണെങ്കില്‍ അസുഖബാധിതര്‍ക്ക് വേണ്ട ബസ് സൗകര്യം പാലമുക്കിലേയ്ക്ക് ഉടന്‍തന്നെ ആരംഭിക്കണം. ഓട്ടോറിക്ഷയില്‍ അമിതചാര്‍ജ് നല്‍കിയാണ് പലരും രണ്ടിടത്തും എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."