വഴിമുടക്കി ചരക്കു ലോറി; പാതയില്‍ അപകട ഭീഷണി
ചട്ടഞ്ചാല്‍: ദേശീയ പാതയില്‍ വഴിമുടക്കിയായി കിടക്കുന്ന ചരക്കു ലോറി വാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ പ്രയാസമുണ്ടാക്കുന്നു. ചട്ടഞ്ചാല്‍ തെക്കില്‍ വളവിലാണ് ഇന്നലെ പുലര്‍ച്ചയോടെ കൂറ്റന്‍ ചരക്കു ലോറി യന്ത്ര തകരാറിനെ തുടര്‍ന്ന് പാതയുടെ നടുവില്‍ കുടുങ്ങിയത്.
മംഗളൂരു ഭാഗത്തു നിന്നു വരുകയായിരുന്ന ലോറി കയറ്റം കയറി വരവെയാണ് കൊടും വളവില്‍ തകരാറായി കിടന്നത്. ഇതോടെ ഈ പാതയിലൂടെ സഞ്ചരിക്കുന്ന ആയിരകണക്കിനു വാഹനങ്ങള്‍ക്ക് എതിര്‍വശത്തെ വഴിയിലൂടെ കടന്നു പോകേണ്ടി വന്നു. എന്നാല്‍ കയറ്റം കയറി വരുന്ന മറ്റു വാഹനങ്ങള്‍ക്ക് ഈ വളവില്‍ എത്തുമ്പോഴാണ് ലോറി വഴിയില്‍ കിടക്കുന്നത് കാണാനാവുന്നത്. ഇതോടെ പെട്ടെന്നു എതിര് വശത്തേക്കു വാഹനങ്ങള്‍ വെട്ടിച്ചു കയറ്റുന്നതിനിടെ ഇറക്കത്തിലേക്കു വേഗതയില്‍ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാന്‍ സാധ്യതയും കൂടി.
ഈ വളവില്‍ നിരന്തരം ചരക്കു ലോറികളും മറ്റും തകരാറിലാവുകയും അപകടങ്ങള്‍ സംഭവിക്കാറുമുണ്ടെങ്കിലും ഇവിടെ കയറ്റം കുറക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകാറില്ല.
സ്ഥിരം അപകട മേഖലയായ ഇവിടെ പാതയോരത്ത് സൂചനാ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലോറി കേടായി കിടക്കുന്ന വളവില്‍ മറ്റു പ്രവര്‍ത്തനങ്ങളൊന്നും അധികൃതര്‍ നടത്തിയിട്ടില്ല.
ഈ വളവില്‍ കയറ്റം കുറക്കാനുള്ള നടപടികള്‍ ഉണ്ടാക്കിയാല്‍ മാത്രമേ ഭാരം കയറ്റി വരുന്ന ചരക്കു ലോറികള്‍ ഇവിടെ കുടുങ്ങാതെ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളു. കേടായി കിടക്കുന്ന ഇത്തരം വാഹനങ്ങള്‍ ഇവിടെ നിന്നു നീക്കി കിട്ടാന്‍ ചിലപ്പോള്‍ ഒരാഴ്ച വരെ സമയമെടുക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."