ബൗണ്‍സര്‍ കൊണ്ട് നിലത്തുവീണ് റസല്‍; പുറത്തേക്ക് കൊണ്ടുപോയത് സ്ട്രെച്ചറില്‍
കിങ്സ്റ്റണ്‍: ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായിറങ്ങി വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ആരാധകരെ കൈയിലെടുത്ത വിന്‍ഡീസ് ബാറ്റ്സ്മാന് ആന്ദ്രേ റസലിന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പരുക്ക്. മത്സരത്തില്‍ ജമൈക്ക തലാവാസിന് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെ എതിര് താരത്തിന്റെ ബൗണ്‍സര്‍ കൊണ്ടാണ് താരത്തിന് പരുക്കേറ്റത്. സെന്റ് ലൂസിയ സൂക്സിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഹാര്‍ഡസ് വില്‍ജോവന്റെ ബൗണ്‍സര്‍ കൊണ്ട് താരത്തിന് പരുക്കേറ്റത്.
സബീന പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലായിരുന്നു സംഭവം. സൂക്സിന്റെ സ്റ്റാര്‍ പേസര്‍ ഹാര്‍ഡസ് വില്ജോവനെറിഞ്ഞ 14ാം ഓവറിലെ ബൗണ്‍സറുകളിലൊന്ന് റസലിന്റെ വലത് കണ്ണിന് അടുത്തായി ഹെല്‍മറ്റില്‍ കൊള്ളുകയായിരുന്നു. തുടര്‍ന്ന് വേദന കാരണം താരം ഗ്രൗണ്ടില്‍ വീഴുകയും ചെയ്തു. തുടര്‍ന്ന് സഹതാരങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഹെല്‍മറ്റ് ഊരി മാറ്റിയത്.
പിന്നാലെ മെഡിക്കല്‍ സംഘമെത്തി റസലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. താരത്തെ സ്ട്രെച്ചര്‍ ഉപയോഗിച്ചാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്. പിന്നീട് താരത്തെ സ്കാനിങിനായി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും സ്കാനിങില്‍ പരുക്ക് ഗുരുതരമല്ലെന്ന് തെളിയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."