ദേശീയപാത വികസനം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കി
തളിപ്പറമ്പ് : ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂഉടമകള്‍ക്കും വാടക കെട്ടിടങ്ങളിലുള്ളവര്‍ക്കും നഷ്ടപരിഹാര പാക്കേജ് അനുവദിക്കുമെന്ന് സര്‍ക്കാര്‍ പാസാക്കിയ ഉത്തരവ് നടപ്പാക്കി കിട്ടണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി.
ചെറുകിട വ്യാപാര രംഗത്ത് മുപ്പതിലേറെ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ ഒരുവിധത്തിലുമുള്ള സാമ്പത്തിക സഹായവും ലഭിക്കാതെയാണ് വ്യാപാര സ്ഥാപനങ്ങള്‍ വിട്ടൊഴിയേണ്ടിവരുന്നത്. ഒഴിഞ്ഞുപോകുന്ന വ്യാപാരികള്‍ക്ക് പുനരധിവാസമോ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കാനുള്ള നടപടിയോ നഷ്ടപരിഹാരമോ അധികൃതര്‍ നല്‍കുന്നില്ല. നാലുവരിപാത കടന്നുപോകുന്ന പ്രധാന കേന്ദ്രങ്ങളായ കുഞ്ഞിമംഗലം, ഏഴിലോട്, പിലാത്തറ, പരിയാരം, ബക്കളം, ധര്‍മശാല, മാങ്ങാട്, പാപ്പിനിശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് നഷ്ടപ്പെടുന്നത്.
കെട്ടിട ഉടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ട പരിഹാരം ലഭിക്കുന്നുണ്ടെങ്കിലും വ്യാപാര സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് ഒന്നും ലഭിക്കാത്ത സ്ഥിതിയാണ് ഉള്ളത്. തളിപ്പറമ്പ് താലൂക്കിലെ മോറാഴ വില്ലേജിലെ ബക്കളത്ത് നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു.
കടകള്‍ അടച്ചുപൂട്ടിയവര്‍ മറ്റ് സൗകര്യങ്ങള്‍ ലഭിക്കാതെ പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ഒരുകൂട്ടം വ്യാപാരികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ഹരജി സ്വീകരിച്ച ജസ്റ്റിസ് അനു ശിവരാമന്‍ സംസ്ഥാന സര്‍ക്കാറിന്റെയും ദേശീയ പാത അതോറിറ്റിയുടെയും വിശദീകരണം തേടി. കേസ് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."