എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
കരുവാരകുണ്ട് (മലപ്പുറം): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എം. എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവക്കു ആയിരങ്ങളുടെ യാത്രാമൊഴി. ഇന്നലെ ജുമുഅക്കു മുന്‍പായി കരുവാരകുണ്ട് ഇരിങ്ങാട്ടിരി മഹല്ല് ഖബര്‍സ്ഥാനില്‍ ജനാസ ഖബറടക്കി. വ്യാഴാഴ്ച രാത്രി ഇരിങ്ങാട്ടിരിയിലെ വസതിയിലായിരുന്നു അന്ത്യം. രാവിലെ മുതല്‍ 22 തവണകളായി നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നായി ആയിരങ്ങള്‍ പങ്കെടുത്തു.
ജനാസ നിസ്‌കാരത്തിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍,സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ പട്ടിക്കാട്, സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഒ. കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ്, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആനമങ്ങാട്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഇബ്‌റാഹിം അന്‍വരി, അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി, സുലൈമാന്‍ അന്‍വരി കോട്ടൂര്, ബഷീര്‍ ഫൈസി ദേശമംഗലം, അബൂബക്കര്‍ മുസ്‌ലിയാര്‍, ജാഫര്‍ മുസ്‌ലിയാര്‍ മക്കരപ്പറമ്പ് , കെ.വി അബ്ദുറഹ്മാന്‍ ദാരിമി, പുത്രന്‍ ഫള്ല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദക്ഷിണ കേരളത്തില്‍ സമസ്തയുടെ പ്രവര്‍ത്തനം കെട്ടിപ്പടുക്കുന്നതില്‍ മുഴുസമയസംഘാടകനായി നിലകൊണ്ട മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ എറണാകുളത്തും പിന്നീട് തൃശൂരിലും സമസ്തക്കു നേതൃപരമായ പങ്കുവഹിച്ചു. മലപ്പുറം ജില്ലയിലെ ഇരിങ്ങാട്ടിരിയിലായിരുന്നു താമസം. നിരവധി ദീനീസംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച അദ്ദേഹം നീണ്ട 25 വര്‍ഷമായി സമസ്ത കേന്ദ്രമുശാവറയില്‍ അംഗമാണ്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയിലും ഭാരവാഹിയും സംഘാടകനുമാണ്. നിലവില്‍ സമസ്ത തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു. പെരുമ്പടപ്പ് മഹല്ല് ഖാസിയാണ്.
നിര്യാണവിവരമറിഞ്ഞു സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നായി നിരവധി പേരാണ് ഇരിങ്ങാട്ടിരിയിലെ വസതിയിലെത്തിയത്. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.കെ.എസ് തങ്ങള്‍, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, ബാപ്പു മുസ്‌ലിയാര്‍ ഇരിങ്ങാട്ടിരി, പി. സൈദാലി മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുല്‍അസീസ് മുസ്‌ലിയാര്‍ മൂത്തേടം, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, ഹംസ ഹൈത്തമി, കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ബഷീര്‍ ഫൈസി ദേശമംഗലം, എം.എ ചേളാരി തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി നിരവധിപേര്‍ വസതി സന്ദര്‍ശിച്ചു
പ്രബോധന രംഗത്ത് വിനിയോഗിച്ച ജീവിതം: ഹൈദരലി തങ്ങള്‍
മലപ്പുറം: മത വൈജ്ഞാനിക പ്രബോധന രംഗത്ത് ജീവിതകാലം വിനിയോഗിച്ച കര്‍മയോഗിയായിരുന്നു അന്തരിച്ച സമസ്ത മുശാവറ അംഗം എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. ദക്ഷിണകേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനു പരിശ്രമിച്ച നിസ്വാര്‍ഥ വ്യക്തിത്വമായിരുന്നു അദ്ദേഹം. സമുദായത്തിന്റെ നന്മക്കായി സമസ്തയുടെ പ്രവര്‍ത്തനം നാടുനീളെ വ്യാപിപ്പിക്കുന്നതിന് മുന്‍കാല പണ്ഡിതന്‍മാരോടൊന്നിച്ച് പരിശ്രമിച്ച വ്യക്തിത്വമായിരുന്നെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
കര്‍ത്തവ്യബോധത്തോടെ
പ്രവര്‍ത്തിച്ച നേതാവ്: ജിഫ്‌രി തങ്ങള്‍
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിന് കര്‍ത്തവ്യബോധത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അനുസ്മരിച്ചു. പുതുതലമുറക്ക് എന്നും മാതൃകയായ പ്രവര്‍ത്തനത്തിനുടമായിരുന്നു അദ്ദേഹം. സമസ്തയുടെ തലമുതിര്‍ന്ന നേതാക്കളില്‍പ്പെട്ട അദ്ദേഹത്തിന്റെ പ്രയത്‌ന ഫലമായി നിരവധി ദീനീസ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്- തങ്ങള്‍ അനുസ്മരിച്ചു.
സമസ്തക്ക് ഉഴിഞ്ഞുവച്ച ജീവിതം:
കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
സമസ്തക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടേതെന്നു സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരിച്ചു. മത വിജ്ഞാന പ്രചാരണത്തിനായി വാഗ്‌വൈഭവം വിനിയോഗിച്ചു. സമസ്തക്കും ജംഇയ്യത്തുല്‍ മുഅല്ലിമീനും വേണ്ടി പ്രവര്‍ത്തിച്ചു. ദീനീ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."