ഇരിട്ടി നഗരസഭാ ഭരണം പിടിക്കാന്‍ യു.ഡി.എഫ്
ഇരിട്ടി: ഭൂരിപക്ഷമുണ്ടായിട്ടും മുസ്‌ലിംലീഗിലെ പടലപിണക്കം കാരണം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട പ്രഥമ ഇരിട്ടി നഗരസഭാ ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് നേതൃത്വം നീക്കങ്ങള്‍ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരസഭാ ലീഗില്‍ ഉണ്ടായ പടല പിണക്കത്തെ തുടര്‍ന്നു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ പുറത്താക്കിയ നഗരസഭാ കൗണ്‍സിലര്‍ എം.പി അബ്ദുറഹ്മാന്‍, ഉളിയിലെ പ്രാദേശിക നേതാക്കളായ കെ.പി ഹംസ, പി.വി നസീര്‍ എന്നിവരെ സംസ്ഥാന കമ്മിറ്റി തിരിച്ചെടുത്തു.
പുറത്താക്കിയവരെ തിരിച്ചെടുത്തതോടെ മൂന്നുവര്‍ഷമായി മുസ്‌ലിം ലീഗില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നം രമ്യതയിലെത്തി. ഇതോടെയാണു നഗരസഭാ ഭരണം പിടിക്കാനുള്ള യു.ഡി.എഫ് നീക്കത്തിനു വേഗംകൂടിയത്.
പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം ഉളിയില്‍ മേഖലയിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഉപ്പി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ച് വേറിട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടുമാസത്തിലേറെയായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയചര്‍ച്ചകള്‍ക്കൊടുവിലാണ് പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ നിന്ന് ഉളിയില്‍ മേഖലയിലെ എം.പി അബ്ദുറഹ്മാനാടക്കം മൂന്ന് കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുകയും സി.പി.എമ്മിനു ഭരണത്തിലേറേന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അബ്ദുറഹ്മാനെ പുറത്താക്കിയത്. മറ്റ് രണ്ടു കൗണ്‍സിലര്‍മാരെ ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് നടപടിയില്‍ നിന്ന് ഒഴിവാക്കി.
പുറത്താക്കപ്പെട്ടവരെ തിരിച്ചെടുത്തതോടെ അവിശ്വാസ പ്രമേയത്തിലൂടെ ഇരിട്ടി നഗരസഭാ ഭരണം തിരികെ പിടിക്കാമെന്ന കണക്കുകൂട്ടലിലാണു യു.ഡി.എഫ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."