ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍ നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍
മട്ടാഞ്ചേരി: 47 ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്നിരുന്നു. ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ളത്. കോസ്റ്റല്‍ പൊലിസും നിരോധനത്തിന്റെ ഭാഗമായി ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്.
നിരോധന കാലയളവില്‍ പരമ്പരാഗത മത്സ്യയാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ മത്സ്യബന്ധനം നടത്താം. ഇന്‍ ബോര്‍ഡ്, ഔട്ട് ബോര്‍ഡ് വള്ളങ്ങളേയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊച്ചി,മുനമ്പം എന്നീ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് എഴുന്നൂറോളം ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും യാര്‍ഡുകളില്‍ കയറ്റി തുടങ്ങി.
സംസ്ഥാനത്ത് 3800 ഓളം ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതര സംസ്ഥാന ബോട്ടുകളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക് പോയി തുടങ്ങി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ തീരമേഖലയിലും ഫിഷ് ലാന്റിങ് സെന്ററുകളിലും നിരോധനവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. തീരമേഖലയിലെ പെട്രോള്‍ ബങ്കുകള്‍ക്ക് ട്രോളിങ് ബോട്ടുകള്‍ ഒഴികെ പരമ്പരാഗത യാനങ്ങള്‍ക്ക് ഇന്ധനം നല്‍കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ നിരോധന കാലയളവില്‍ ട്രോളിങ് തടയുന്നതിന് നിരീക്ഷണം ശക്തമാക്കും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബോട്ടിന് പുറമേ രണ്ട് ബോട്ടുകള്‍ കൂടി പെട്രോളിംഗ് നടത്തും.
ഇതിന് പുറമേ കോസ്റ്റല്‍ പൊലിസിന്റെ ബോട്ടും പെട്രോളിങ് നടത്തും. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കോസ്റ്റല്‍ പൊലിസ് പതിനഞ്ച് മുതല്‍ കണ്‍ട്രോള്‍ റൂം തുറക്കും.
ജില്ലാ കലക്ടര്‍ക്കാണ് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ചുമതല. നിരോധനം പ്രാബല്യത്തില്‍ വന്നാല്‍ തീരമേഖല വറുതിയിലാകും. പരമ്പരാഗത യാനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തിയായ 22 കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യബന്ധനം നടത്താമെന്നുള്ളത് മാത്രമാണ് ആശ്വാസം.
അതേസമയം ട്രോളിംഗ് നിരോധനം തൊണ്ണൂറ് ദിവസമാക്കണമെന്ന് ദിവസമാക്കണമെന്ന് നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.ഡി മജീന്ദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."