കാലിബ്രേഷനു വീണ്ടും വിമാനമെത്തി
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ കാലിബ്രേഷന്‍ പരിശോധന വീണ്ടും നടന്നു. ഡല്‍ഹിയില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബീച്ച്ക്രാഫ്റ്റ് വിമാനമാണു പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ വിമാനം കാലിബ്രേഷന്‍ പൂര്‍ത്തീകരിച്ച് ആറോടെ മംഗളൂരുവിലേക്കു മടങ്ങി. മൂന്നുതവണ ആകാശത്ത് വട്ടമിട്ടു പറക്കുകയും റണ്‍വേയുടെ വിവിധ മേഖലകളില്‍ പരിശോധന നടത്തിയുമാണു കാലിബ്രേഷന്‍ പൂര്‍ത്തീകരിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അഞ്ചു ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. ഇതിനു മുമ്പ് സെപ്റ്റംബര്‍ 20, 21 ഒക്ടോബര്‍ ഒന്ന് തിയതികളില്‍ ബീച്ച് ക്രാഫ്റ്റ് വിമാനം ഉപയോഗിച്ച് കാലിബ്രേഷന്‍ നടത്തിയിരുന്നു. ഇതിനുശേഷം തയാറാക്കിയ ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ പ്രകാരം എയര്‍ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങള്‍ ഈമാസം രണ്ട്, മൂന്ന് തിയതികളില്‍ പരീക്ഷണപറക്കല്‍ നടത്തിയെങ്കിലും പൂര്‍ണവിജയം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."