തബ്‌രീസ് അന്‍സാരി കൊലപാതകം: പൊലിസ് വാദം എതിര്‍ത്ത് സാക്ഷിമൊഴികള്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ തബ്‌രീസ് അന്‍സാരിയുടെ കേസില്‍ പൊലിസ് വാദം എതിര്‍ത്ത് സാക്ഷിമൊഴികള്‍. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 22 കാരനായ അന്‍സാരി മരണപ്പെട്ടതെന്ന പൊലിസ് വാദത്തെയാണ് സാക്ഷിമൊഴികള്‍ ചോദ്യം ചെയ്യുന്നത്.
മരിക്കുന്നതുവരെ അവനെ മര്‍ദിക്കൂവെന്ന ആള്‍ക്കൂട്ട ആക്രോശം ആക്രമണ സ്ഥലത്തെത്തിയപ്പോള്‍ കേട്ടിരുന്നെന്ന് അന്‍സാരിയുടെ അമ്മാവന്‍ മുഹമ്മ് മസ്‌റൂര്‍ മൊഴിനല്‍കിയിട്ടുണ്ട്. നടക്കാന്‍ പോലും സാധിക്കാതിരുന്ന അവസ്ഥയിലാണ് അന്‍സാരിയെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പിന്നീട് അബോധാവസ്ഥലയിലായി. അടുത്ത ദിവസം ജയിലിലെത്തിയപ്പോള്‍ തനിക്ക് ഗുരുതരമായ പരുക്കുണ്ടെന്ന് അന്‍സാരി പറഞ്ഞിരുന്നു. തലക്കും കാലിനും നല്ല പരുക്കുണ്ടെന്നും ആശുപത്രയില്‍ എത്തിക്കണമെന്നും കരഞ്ഞ് പറഞ്ഞിരുന്നതായി മസ്‌റൂര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
ആക്രമണത്തിന്റെ വിഡിയോ പകര്‍ത്തിയത് താനാണെന്ന് ടിങ്കു മണ്ഡല്‍ എന്നയാള്‍ പൊലിസിനോട് സമ്മതിച്ചിരുന്നു. പേടി കാരണം ദൃശ്യങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേസില്‍ 24 പേരാണ് മൊഴി നല്‍കിയത്. തലയ്‌ക്കേറ്റ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍മാരുടെ പ്രാഥമിക സംഘത്തിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗൂഢാലോചന നടത്തിയ ആക്രമമല്ലാത്തതിനാലാണ് കൊലപാതക ക്കുറ്റം ചുമത്താതിരുന്നതെന്നാണ് ജാര്‍ഖണ്ഡ് പൊലിസ് പറയുന്നത്. അന്‍സാരിയുടെ ആന്തരികാവയവങ്ങള്‍ പരിശോധിക്കാനായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നെങ്കിലും പിന്നീട് ഇതു സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊലിസ് തയാറായില്ല. 13 പേര്‍ക്കെതിരേയായിരുന്നു പൊലിസ് കേസെടുത്തിരുന്നത്. എന്നാല്‍ ജൂലൈ 29 ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊലപാതകക്കുറ്റം പൊലിസ് ഒഴിവാക്കിയെന്നത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
മോഷണം ആരോപിച്ച് ജൂണ്‍ 18 ന് ആണ് അന്‍സാരിയെ ധട്കിദ്ഗ്രാമത്തില്‍ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ചത്. ആക്രമത്തിനിടെ അന്‍സാരിയെ ജയ് ശ്രീറാം, ജയ് ഹനുമാന്‍ വിളിക്കാന്‍ ആള്‍ക്കൂട്ടം നിര്‍ബന്ധിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ഇദ്ദേഹത്തെ മോഷണ സംശയത്തില്‍ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസത്തിന് ശേഷം അന്‍സാരി പ്രാദേശിക ആശുപത്രിയില്‍ മരിച്ചു.
ആക്രമണത്തില്‍ പരുക്കേറ്റ ഉടനെ അന്‍സാരിക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ ഒരാളായ ബി.മര്‍തി വെളിപ്പെടുത്തിയിരുന്നു. ഗുരുതരമായി പരുക്കേറ്റ അന്‍സാരിയെ ജയിലിലേക്ക് മാറ്റുമ്പോള്‍ ജയിലില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നെന്ന് സദര്‍ ആശുപത്രിയിലെ സൂപ്രണ്ടായ ഡോ.ബര്‍ദി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."