ജില്ലാ ആശുപത്രിയില്‍ മെയ് മാസത്തിനുള്ളില്‍ കാത്ത്ലാബ് അനുവദിക്കും: മന്ത്രി
തൃശൂര്‍: ജില്ലാ ആശുപത്രിയില്‍ 2019 മെയ് മാസത്തിനുള്ളില്‍ കാത്ത്ലാബ് ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ.
ജില്ലാ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിതല അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആറ് മാസത്തിനുള്ളില്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി ഫണ്ട് ലഭ്യമാക്കും.
ഒ.പി വെയ്റ്റിങ് റൂം, ബ്ലഡ് ബാങ്ക് സപ്പറേഷന്‍, കാഷ്വാലിറ്റിയുടെ വികസനം എന്നീ പ്രവര്‍ത്തികള്‍ ആശുപത്രി വികസനത്തില്‍ ഉള്‍പ്പെടുത്തും. അനസ്തേഷിസ്റ്റ് ഉള്‍പ്പടെ ആവശ്യമായ സ്റ്റാഫിനെ നിയമിക്കും.
കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി യൂനിറ്റുകള്‍ ജില്ലാ ആശുപത്രിയില്‍ സജ്ജീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി.
7.25 കോടിരൂപ വനിതകളുടെയും കുട്ടികളുടെയും വാര്‍ഡിന്റെ വികസനത്തിന് അനുവദിച്ചു കഴിഞ്ഞെന്നും നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 9.25 കോടി രൂപ ആശുപത്രി വികസനത്തിന്റെ രണ്ടാംഘട്ടത്തിന് അനുവദിച്ചു. ആശുപത്രി വികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ സമര്‍പ്പിക്കും.ഓപ്പറേഷന് തിയേറ്ററിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും രോഗികള്‍ക്ക് ഓപ്പറേഷന് നടത്തുന്നതിനാവശ്യമായ പരമാവധി സൗകര്യം എര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ആശുപത്രിയിലെ ഗൈനകോളജിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും എം.എല്‍.എ. ഫണ്ടില്‍നിന്നും ആവശ്യമായ തുക ആശുപത്രി വികസനത്തിന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അജിത ജയരാജന്, ബീന മുരളി, എം.എല്‍ റോസി, ബേബിലക്ഷ്മി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."