പ്രളയത്തില്‍ കൈത്താങ്ങായ ആമ്പല്ലൂര്‍ വില്ലേജ് ഓഫിസര്‍ക്ക് പഞ്ചായത്തിന്റെ ആദരം
പുതുക്കാട്: പ്രളയത്തില്‍ മണലിപുഴ കരകവിഞ്ഞൊഴുകി വെള്ളക്കെട്ടിലകപ്പെട്ട ഒരുപാട് കുടുംബങ്ങള്‍ക്ക് തണലായ വില്ലേജ് ഓഫിസര്‍ക്ക് നാടിന്റെ ആദരം.
കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശി ഇസാബിന്‍ അബ്ദുല്‍ കരീമാണ് പ്രളയാനന്തരവും ആമ്പല്ലൂര്‍കാരുടെ സ്വന്തമായത്. ആമ്പല്ലൂര്‍ വില്ലേജ് പരിധിയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാപ്പോള്‍ നാട്ടുകാര്‍ക്ക് മുന്‍പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രളയത്തിന്റെ ഒന്‍പത് ദിവസം വീടുപേക്ഷിച്ചായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. മാറിയുടുക്കാന്‍ വസ്ത്രങ്ങളില്ലാതെ ദുരിതാശ്വാസ ക്യാംപില്‍ നിന്നും ലഭിച്ച വസ്ത്രമിട്ടാണ് പ്രളയദിനങ്ങളില്‍ വില്ലേജ് ഓഫിസര്‍ സജീവമായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ രാത്രി മുഴുവന്‍ ഓഫിസ് ജോലികളുമായിരുന്നു.
പ്രളയം കഴിഞ്ഞ് ആമ്പല്ലൂര്‍ മേഖല സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ തുടങ്ങിയിട്ടും ദുരിതബാധിതര്‍ക്കിടയില്‍ കഴിഞ്ഞിരുന്ന വില്ലേജ് ഓഫിസറെ പഞ്ചായത്ത് അധികൃതര്‍ നിര്‍ബന്ധിച്ചാണ് വീട്ടിലെത്തിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ മാതൃകാ പ്രവര്‍ത്തനം നടത്തിയ ഇസാബിന്‍ അബ്ദുല്‍ കരീമിനെ അളഗപ്പനഗര്‍ പഞ്ചായത്ത് ഭരണസമിതി ആദരിക്കുകയായിരുന്നു.
ജോലിഭാരമേറെയുള്ള ആമ്പല്ലൂര്‍ വില്ലേജില്‍ രാത്രി ഏഴ് മണിവരെയാണ് ഇസാബിന്‍ ജോലി ചെയ്യുന്നത്. അവധിദിനങ്ങളില്‍ മേല്‍ ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങി ജോലിക്കെത്തുന്നതും പതിവാണ്.
ഓഫിസിലെ സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയും ഇസാബിന് കരുത്തേകുന്നു. ഓഫിസിലെത്തുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിപ്പിക്കാതെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇസാബിന്‍. ജനകീയ പ്രശ്‌നങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമൂലം പ്രമുഖരുടെ കണ്ണിലെ കരടായി മാറിയത് ഔദ്യോധിക ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ ആരംഭിക്കുന്ന ബാര്‍ ഹോട്ടലിനെതിരേ നടക്കുന്ന സമരസമിതിയുടെ നേതാവും, മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ഭാരവാഹിയുമാണ് ഇസാബിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."