പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിള ഇന്‍ഷുറന്‍സ് ദിനാചരണം ജൂലൈ ഒന്നിന്
പാലക്കാട്: എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും ജൂലൈ ഒന്നിന് വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കും. ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെയും കാര്‍ഷിക വികസന സമിതികളുടെയും നേതൃത്വത്തിലായിരിക്കും വിള ഇന്‍ഷുറന്‍സ് ദിനാചരണം.
പ്രകൃതിക്ഷോഭം കാരണം ഉണ്ടാകുന്ന ദുരിതങ്ങള്‍ കര്‍ഷകര്‍ക്ക് വന്‍നാശ നഷ്ടങ്ങളാണ് വിതയ്ക്കുന്നത്. വരള്‍ച്ച, വെള്ളപ്പൊക്കം, കാറ്റ് തുടങ്ങി ദുരിതങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കര്‍ഷകര്‍ അനുഭവിച്ചുവരുന്നു. വിള ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിട്ട് 21 വര്‍ഷം കഴിഞ്ഞെങ്കിലും കര്‍ഷകര്‍ക്കു നല്‍കുന്ന നഷ്ട പരിഹാര തുക വളരെ തുച്ഛമായിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് 1995 മുതല്‍ നിലവിലുണ്ടായിരുന്ന സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി 21 വര്‍ഷങ്ങള്‍ക്കുശേഷം നഷ്ടപരിഹാര തുക വിവിധ സൂചികകളെ അടിസ്ഥാനമാക്കി ആനുപാതികമായി ഉയര്‍ത്തിയും,
പ്രീമിയം തുക 1995 മുതല്‍ നിലവിലുണ്ടായിരുന്നതില്‍നിന്ന് 50 ശതമാനം മാത്രം ഉയര്‍ത്തിക്കൊണ്ടും സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവന്‍ വിളകളെയും ഉള്‍പ്പെടുത്തി വിള ഇന്‍ഷുറന്‍സ് പദ്ധതി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ പുനരാവിഷ്‌കരിച്ച് ഉത്തരവാക്കിയിട്ടുണ്ട്.
പുനരാവിഷ്‌കരിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതി മൂലം നഷ്ട പരിഹാര തുകയില്‍ ഇരട്ടി മുതല്‍ പത്തിരട്ടി വരെയുളള വന്‍ധനവാണ് വിവിധ വിളകള്‍ക്ക് ഉണ്ടായത്. പ്രീമിയം നിരക്ക് സംസ്ഥാനത്തെ പ്രധാനപ്പെട്ട വിളകളായ നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവയുടെ കാര്യത്തില്‍ 1995ല്‍ നിലവിലുണ്ടായിരുന്ന അതേ നിരക്ക് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
കര്‍ഷകരുടെ യഥാര്‍ഥ നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാര തുക പരിഷ്‌കരിച്ചതാണ് പദ്ധതിയിലെ പ്രധാന മാറ്റം. പുതുക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തിലെ മുഴുവന്‍ കര്‍ഷകരെയും അംഗങ്ങളാക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന കൃഷി വകുപ്പ് ജൂലൈ ഒന്നിന് വിള ഇന്‍ഷുറന്‍സ് ദിനാചരണമായി എല്ലാ കൃഷിഭവനുകളിലും ആഘോഷിക്കും.
വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യജീവി ആക്രമണം കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിള ഇന്‍ഷുറന്‍സിന്റെ പരിഗണനയില്‍ വരും.
കായ്ഫലം നല്‍കുന്ന തെങ്ങൊന്നിന് ഒരുവര്‍ഷത്തേക്ക് രണ്ടു രൂപയാണ് പ്രീമിയം. നഷ്ടപരിഹാരത്തോത് 2000 രൂപയും.
കറയെടുക്കുന്ന റബ്ബര്‍ മരത്തിന് മൂന്നു രൂപയാണ് ഒരു വര്‍ഷത്തെ പ്രീമിയം. റബര്‍ മരം പൂര്‍ണമായും നശിച്ചാല്‍ 1000 രൂപ കര്‍ഷകന് നഷ്ടപരിഹാരമായി ലഭിക്കും.
നട്ടു കഴിഞ്ഞാല്‍ അഞ്ചു മാസത്തിനുള്ളില്‍ വാഴ ഇന്‍ഷൂര്‍ ചെയ്യണം. വാഴ ഒന്നിന് മൂന്നു രൂപയാണ് പ്രീമിയം. കുലച്ച ശേഷമാണ് നഷ്ടപ്പെടുന്നതെങ്കില്‍ നേന്ത്രനും കപ്പ വാഴയ്ക്കും 300 രൂപയും ഞാലിപ്പൂവന് 200 രൂപയും മറ്റിനങ്ങള്‍ക്ക് 75 രൂപയും ലഭിക്കും.
കുലക്കാത്ത വാഴയ്ക്കും നഷ്ട പരിഹാരമുണ്ട്. 25 സെന്റ് സ്ഥലത്തെ നെല്‍കൃഷിക്ക് 25 രൂപ മാത്രമാണ് പ്രീമിയം. നട്ട് 15 ദിവസം കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ ഇന്‍ഷൂര്‍ ചെയ്യണം.
നട്ട് ഒന്നര മാസത്തിനുള്ളിലാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ 25 സെന്റിന് 1500 രൂപയും 45 ദിവസത്തിന് ശേഷമാണെങ്കില്‍ 3500 രൂപയും നഷ്ട പരിഹാരം നല്‍കും. ഇങ്ങനെ ഓരോ വിളക്കും വര്‍ധിച്ച തോതിലുള്ള ആനുകൂല്യമാണ് വിള ഇന്‍ഷുറന്‍സിലൂടെ ലഭിക്കുക.
വിളകള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ രണ്ടാഴ്ചയ്ക്കകം നിര്‍ദിഷ്ട ഫോമില്‍ അപേക്ഷിക്കണം. പൂര്‍ണനാശത്തിനാണ് നഷ്ടപരിഹാരം നല്‍കുക. കൃഷിഭവനിലാണ് വിള ഇന്‍ഷുറന്‍സ് ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."