പട്ടയം അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ചന്ദ്രശേഖരന്‍
പാലക്കാട്: വില്ലേജ് -താലൂക്ക് ഓഫിസുകളില്‍ പട്ടയത്തിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ പട്ടയമേളയും ധനസഹായ വിതരണവും അട്ടപ്പാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടിക-പിന്നാക്കക്ഷേമ -നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധസ്ഥിതര്‍ക്കും ദുര്‍ബലര്‍ക്കും ഭൂരഹിതര്‍ക്കും ഒപ്പമാണ്. ഈ സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനിടെ സംസ്ഥാനത്ത് ഭൂരഹിതര്‍ ഉണ്ടാകരുതെന്ന ലക്ഷ്യവുമായാണ് റവന്യൂ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. നിരവധി സങ്കീര്‍ണ പ്രശ്‌നങ്ങള്‍ മറികടന്നാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. അവശേഷിക്കുന്ന ഭുരഹിതര്‍ക്കുള്ള ഭൂമി കണ്ടെത്തുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അടുത്ത പട്ടയ വിതരണ മേള ഈ വര്‍ഷം അവസാനത്തോടെ ജില്ലയില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
517 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി 483.12 ഏക്കര്‍ ഭൂമിയുടെ ട്രൈബല്‍ ലാന്‍ഡ് പട്ടയമാണ് വിതരണം ചെയ്തത്. വനാവകാശ നിയമ പ്രകാരം വെറ്റിലച്ചോല പട്ടികവര്‍ഗ സങ്കേതത്തിലെ 32 പേര്‍ക്ക് 51.62 ഏക്കര്‍ വനഭൂമിയുടെ കൈവശ രേഖയും 105 പേര്‍ക്ക് നാല് സെന്റ് കോളനി പട്ടയങ്ങളും, 626 ലാന്‍ഡ് ട്രൈബ്യൂണല്‍ -ദേവസ്വം ഭൂമി പട്ടയങ്ങളും നല്‍കി. അട്ടപ്പാടിയില്‍ 2013-14 കാലയളവില്‍ മരണമടഞ്ഞ 38 ആദിവാസി ശിശുക്കളുടെ അമ്മമാര്‍ക്ക് ഒരു ലക്ഷം വീതം ധനസഹായം 38 പേര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 11 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും മന്ത്രി വിതരണം ചെയ്തു.
അഗളി കില ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, സബ് കലക്ടര്‍ പി.ബി. നൂഹ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."