സഊദിയിലെ സ്വദേശിവല്‍ക്കരണം ലക്ഷ്യം കാണുന്നു; സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്കില്‍ കുറവ്, സാമ്പത്തിക മേഖലയില്‍ സ്വദേശിപങ്കാളിത്തം 45 ശതമാനമായി
റിയാദ്: സഊദിയില്‍ നടപ്പിലാക്കുന്ന കടുത്ത സഊദി വല്‍ക്കരണം ലക്ഷ്യം കാണുന്നതായി റിപ്പോര്‍ട്ട്. വിദേശികള്‍ക്ക് വന്‍തോതില്‍ ജോലി നഷ്ടപ്പെടുമ്പോള്‍ സ്വദേശികളുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഇടിയുന്നതായാണ് ഏറ്റവും ഒടുവില്‍ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ആദ്യമായി 5.6 ശതമാനം എന്ന തോതില്‍ കുറഞ്ഞുവെന്ന് പഠനം വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ പാദത്തില്‍ തൊഴിലില്ലായ്മാ നിരക്ക് ആറ് ശതമാനമായിരുന്നു. സ്വദേശികളില്‍ 12.3 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയത്. ഈ വര്‍ഷം പുറത്തിറക്കിയ ആദ്യ പാദ റിപ്പോര്‍ട്ടില്‍ ഇത് 12.5 ശതമാനമായിരുന്നു.
അതോടൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം ഇത്തവണ 45 ശതമാനമായി ഉയര്‍ന്നതും നേട്ടമാക്കിയിട്ടുണ്ട്. സ്വദേശി വനിതകള്‍ 23.2 ശതമാനം വിഹിതവുമായി വലിയ നേട്ടം കൈവരിച്ചുവെന്നതാണ് ഏറ്റവും ശ്രദ്ധേയമാണ്. അതേസമയം, സര്‍ക്കാര്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ആദ്യ പാദത്തെ അപേക്ഷിച്ച് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് സര്‍വേ സൂചിപ്പിക്കുന്നു. 31,12,029 ജോലിക്കാരുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 30,90,248 പേരാണ് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. 10,02,855 സ്വദേശി യുവതി, യുവാക്കള്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം, സിവില്‍ സര്‍വീസ് മന്ത്രാലയം, ഹദഫ് എന്നീ വകുപ്പുകളുടെ വെബ് പോര്‍ട്ടലുകളില്‍ ജോലി ലഭ്യമാകുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."