ഒരു വര്‍ഷത്തേക്കുള്ള കെട്ടിട നിര്‍മാണ സാമഗ്രികള്‍ ഖത്തറിലുണ്ടെന്ന്
ദോഹ: ഒരു വര്‍ഷത്തേക്ക് ആവശ്യമായ കെട്ടിട നിര്‍മാണ സാമഗ്രികള്‍ ഖത്തറിലുണ്ടെന്ന് ഖത്തര്‍ പ്രൈമറി മെറ്റീരിയല്‍സ് കമ്പനി (ക്യു പി എം സി) അറിയിച്ചു. മണല്‍, ചുണ്ണാമ്പ്കല്ല്, ഗാബ്രോ, കരിങ്കല്ല് തുടങ്ങി ഒരു വര്‍ഷത്തേക്ക് വേണ്ട കെട്ടിട നിര്‍മാണ വസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ക്യു പി എം സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്‍ജിനീയര്‍ ഈസ അല്‍ ഹമ്മാദി പറഞ്ഞു. ചില ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ക്യു പി എം സി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
നിര്‍മാണ മാലിന്യങ്ങളും ഡ്രില്ലിങ് ഉത്പന്നങ്ങളും പുനരുപയോഗ ഉത്പന്നങ്ങളാക്കി മാറ്റാന്‍ സ്വകാര്യ കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കാനായി പരിസ്ഥിതി മന്ത്രാലയത്തോട് സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈസ അല്‍ ഹമ്മാദി പറഞ്ഞു. പ്രാഥമിക കെട്ടിട സാമഗ്രികള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന നിരവധി കമ്പനികളുടെ പ്രതിനിധികള്‍, ഇറക്കുമതി സംഭരണ ഓഹരി പങ്കാളികളുടെ പ്രതിനിധികള്‍, യോഗത്തില്‍ പങ്കെടുത്തു.
ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് പകരമായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. പുതിയ ഇറക്കുമതി കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് ചര്‍ച്ചകള്‍ വേണമെന്ന് കമ്പനികള്‍ യോഗത്തില്‍ പറഞ്ഞു. നിര്‍മാണ സാമഗ്രികള്‍ ലഭിക്കുന്നതിന് അയല്‍ രാജ്യങ്ങളുമായി കരാര്‍ ഒപ്പിട്ട് പ്രവര്‍ത്തനം തുടങ്ങിയതായി കമ്പനി അറിയിച്ചു. ചരക്കുകള്‍ സംഭരിക്കുന്നതിന് ലോജിസ്റ്റിക്കല്‍ ഭൂമി അനുവദിക്കണമെന്നും സംഭരണ നിരക്ക് പുനരാലോചിക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടു. രാജ്യത്തെ വിപണിയിലേക്ക് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളായാലും കെട്ടിട നിര്‍മാണ സാമഗ്രികളായാലും ഇറക്കുമതി ചെയ്യുന്നതിനായി രാജ്യത്തിന് നിരവധി അവസരങ്ങളും വഴികളുമുണ്ടെന്ന് ഖത്തര്‍ ചേംബര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തവാര്‍ അല്‍കുവാരി പറഞ്ഞു.
രാജ്യത്തെ വിപണിയില്‍ ക്ഷാമം നേരിടാതിരിക്കാനായി വ്യവസായികളും ഇറക്കുമതിക്കാരും നടത്തുന്ന പരിശ്രമങ്ങളെ അല്‍ഖുവാരി അഭിനന്ദിക്കുകയും ചെയ്തു. തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ദിവസവും ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവവികാസങ്ങള്‍ ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ ചേംബര്‍ ട്രഷറര്‍ അലി അബ്ദുല്‍ ലത്തീഫ് അല്‍ മിസ്‌നദ് പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ കയറ്റുമതിക്കാരുമായി കരാറുകളിലേര്‍പ്പെട്ട് ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വ്യാപാരികള്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."