'പറഞ്ഞുപരത്തി മതവിരോധിയാക്കി, അവസാനകാലം ചെലവിട്ടത് ഖുര്‍ആന്‍ ഓതിയും മദ്യം ഉപേക്ഷിച്ചും'; കുടുംബം ഒറ്റപ്പെടുത്തി കൊന്നുവെന്ന ആരോപണത്തിന് മറുപടിയുമായി പുനത്തിലിന്റെ സഹോദരന്‍
കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുല്ലയെ അവസാനകാലത്ത് സുഹൃത്തുകളില്‍ നിന്നകറ്റി കുടുംബക്കാര്‍ കൊല്ലുകയായിരുന്നുവെന്ന എഴുത്തുകാരനായ വി.ആര്‍ സുധീഷിന്റെ പ്രസ്താവനക്കെതിരേ കുടുംബം. പുനത്തില്‍ മരിച്ചു, ചില പ്രസ്താവനകള്‍ നടത്തി ഇപ്പോഴും ചിലര്‍ കുടുംബത്തെ അവഹേളിക്കുകയാണ്. സുധീഷ് രണ്ടാം തവണയാണ് ഇതു പറയുന്നത്. ഇത്തരത്തില്‍ പുനത്തിലിനേയും കുടുംബത്തേയും അവഹേളിക്കുന്നവരെ തുടര്‍ന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അനുസ്മരണങ്ങളില്‍ ഉള്‍പെടുത്തരുത്. സുധീഷിനെതിരേ നിയമ നടപടിയെ കുറിച്ചു പുനത്തില്‍ കുടുംബ്ം ആലോചിക്കുകയാണെന്നും പുനത്തിലിന്റെ സഹോദരന്‍ ഇസ്മാഈല്‍ സുപ്രഭാതത്തോട് പറഞ്ഞു.
2014 മുതല്‍ ഞാന്‍ കുഞ്ഞിക്കയുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തെ അവസാന കാലത്തു പരിപാലിച്ചതും ചികിത്സക്കായി പണം ചിലവിട്ടതും മക്കളും കുടുംബവുമാണ്. അവസാനം കുടുംബം ഒറ്റപ്പെടുത്തി കൊന്നു എന്നുള്ള സുധീഷിന്റെ അഭിപ്രായം ശരിയല്ല. പുനത്തില്‍ നേരത്തെ മദ്യം കഴിച്ചിരുന്നു. എന്നാല്‍ അവസാന നാള്‍ അദ്ദേഹം അതു പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ചിലര്‍ പറയുന്നതു പോലെ അദ്ദേഹം മദ്യപാനം കൊണ്ടല്ല മരിച്ചത്.
ഒരിക്കല്‍ കുളിമുറിയില്‍ വീണു. അതിനു ശേഷം ഓര്‍മ കുറച്ചു നഷ്ടപ്പെട്ടു പോയിരുന്നു. മത ജീവിതം നയിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുല്ലയെയാരുന്നു അവസാന കാലത്തു ഞാന്‍ കണ്ടിരുന്നതെന്നും ഇസ്മാഈല്‍ പറഞ്ഞു. ഖുര്‍ആന്‍ ഓതാന്‍ വരെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഖുര്‍ആനിലെ ചില വാചകങ്ങള്‍ പറഞ്ഞു കൊടുത്താല്‍ തുടര്‍ച്ചയായി ഓതുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. 'യാ അയ്യുഹന്നാസ്' എന്ന നോവല്‍ എഴുതണം എന്നു കുഞ്ഞിക്ക അതീവമായി ആഗ്രഹിച്ചിരുന്നു. പക്ഷേ കഴിഞ്ഞില്ല. കാരക്കാട് ജുമുഅ പള്ളിയില്‍ നടന്ന നിസ്‌കാരത്തിനു നിരവധി പേരാണ് അന്നു പങ്കെടുത്തത്. അദ്ദേഹത്തെ പറഞ്ഞു പരത്തി മത വിരോധിയാക്കിയിരിക്കുകയാണ് ചിലര്‍.
ഹൗസ് അറസ്റ്റിലായിരുന്നു എന്നു വരെ പത്ര വാര്‍ത്ത വന്നിരുന്നു. ജീവിത കാലത്തു പുനത്തിലിന്റെ സമീപം ആരുവന്നാലും ഞങ്ങള്‍ വരേണ്ടെന്നു പറഞ്ഞിട്ടില്ല. മദ്യപാനം നിര്‍ത്തിയ പുനത്തിലിനെ കാണാന്‍ ചിലര്‍ മദ്യവുമായി വന്നപ്പോള്‍ കുടുംബം തടഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. അല്ലാതെ ഒരു സാഹിത്യകാരന്മാരേയും തടഞ്ഞിട്ടില്ല. സുധീഷിനേയും കൊണ്ടു ഞാന്‍ പുനത്തിലിന്റെ അടുത്തു പോയിട്ടുണ്ടെന്നു ഇസ്മാഈല്‍ പറഞ്ഞു.
-------------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."