കടുത്ത ചൂടില്‍ നോമ്പു കാലത്തു വേനല്‍ കുളിരായി റൂഹ് അഫ്‌സ പാനീയം
റിയാദ്: അറബ് നാടുകളില്‍ ഏറ്റവും സുലഭമായ ഒരു പാനീയമാണ് റൂഹ് അഫ്‌സ. നോമ്പു കാലത്തു ഇതിന് നല്ല ഡിമാന്റാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യക്കാരും പാകിസ്ഥാന്‍കാരുമാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. എങ്കിലും ഇതിന്റെ ഫലം അറിയുന്നവര്‍ ഇത് സ്ഥിരമായി ചൂട് കാലത്തു കുടിക്കാറുണ്ട്. ഉത്തരേന്ത്യക്കാരുടെ നോമ്പുതുറ തീന്‍മേശകളില്‍ മുഖ്യമായും ഉണ്ടാകുന്ന ഒരു തരം പാനീയം കൂടിയാണിത്. ആത്മാവിനെ ഉണര്‍ത്തുന്നത് എന്നര്‍ത്ഥം വരുന്ന ഈ പാനീയം ഇവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അടുത്ത കാലത്തായി മലയാളികളും ഈ പാനീയം സ്ഥിരമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കടുത്ത ചൂടില്‍ ശരീരത്തിന് ഏറെ കുളിരു നല്‍കുന്ന ഒരു തരം പാനീയമാണെന്നതാണ് ഇതിനെ ഉത്തരേന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാകാന്‍ കാരണം. 1907ല്‍ തെക്കനേഷ്യയിലെ ഏറ്റവും പ്രസിദ്ധനായ പ്രമുഖ യൂനാനി മരുന്നു നിര്‍മാതാക്കളായ ഹംദര്‍ദിന്റെ സ്ഥാപകന്‍ ഹകീം ഹാഫിസ് അബ്ദുല്‍ മജീദാണ് ഈ പാനീയത്തിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹത്തിന്റെ ഡല്‍ഹിയിലെ പഴയ രണ്ടു മുറി കെട്ടിടത്തില്‍ പഴങ്ങളുടെയും പൂക്കളുടെയും സത്തുക്കള്‍ കൂട്ടിച്ചേര്‍ത്താണ് റൂഹ് അഫ്‌സക്ക് ചേരുവകള്‍ ഉണ്ടാക്കിയത്.
പാഴ്‌സലിന്‍ , ചിക്കോരി, ഉണക്ക മുന്തിരി ചാര്‍ ,യൂറോപ്യന്‍ വെള്ള ആമ്പല്‍, നീല നക്ഷത്ര ആമ്പല്‍, താമര, ബൊറേജ് എന്ന ഒരു താരം മുള്ളന്‍ ചെടി എന്നീ ഔഷധ സസ്യങ്ങളും, ഓറഞ്ച് ,ചെറുനാരങ്ങ,കൈതച്ചക്ക, ആപ്പിള്‍ ,കുരുവില്ലാപഴം, സ്‌ട്രോബെറി ,റാസ്‌ബെറി,ചുവന്ന ബെറി,ചെറിക്കായ ,മുന്തിരി,ബ്‌ളാക് കറന്റ്, തണ്ണി മത്തന്‍ എന്നീ പഴങ്ങളുടെ ചാറും ,റോസ്, ഓറഞ്ച് , കെവ്‌റ, നാരങ്ങ എന്നിവയുടെ പൂക്കളുടെ ചാറും, രാമച്ചത്തിന്റെ വേരുമാണ് ഇതിന്റെ ചേരുവകള്‍.
വിഭജനത്തെ തുടര്‍ന്നു പാകിസ്ഥാനിലെ കറാച്ചിയില്‍ എത്തിയ മജീദ് വൈദ്യന്റെ മക്കളില്‍ ഒരാള്‍ ഇതേ ചേരുവകള്‍ കൂട്ടിച്ചേര്‍ത്തി അവിടെയും ഇതിന്റെ പ്രശസ്തി എത്തിക്കുകയായിരുന്നു. രാസപദാര്‍ത്ഥങ്ങളും കൃത്രിമ ചേരുവകള്‍ ഇല്ലെന്നതുമാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. നാലു വര്‍ഷം മുന്‍പത്തെ കണക്കനുസരിച്ചു 500 കോടിയിലേറെ വരുന്ന ഇന്ത്യന്‍ പാനീയങ്ങളുടെ ഇടയില്‍ പകുതിയിലധികം ആവശ്യക്കാരുള്ളത് റൂഹ് അഫ്‌സക്കാണ്.
ഗാസിയാബാദിലെയും ഗുഡ്ഗാവിലെയും പ്ലാന്റുകളില്‍ വേനല്‍ക്കാലത്തു ഇതിന്റെ ഉത്പാദനം പ്രതിദിനം മൂന്നു ലക്ഷം കുപ്പികളാണാത്രെ. വിദേശ രാജ്യങ്ങളിലേക്ക് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമാണ് ഇവ കയറ്റുമതി ചെയ്യുന്നത്. കൂടാതെ ബംഗ്‌ളാദേശിലും ഈ പാനീയത്തിനു നല്ല ആവശ്യക്കാരാണുള്ളത്. തണുത്ത വെള്ളത്തില്‍ വെറുതെയോ,നാരങ്ങയോ പാലോ ചേര്‍ത്തോ ആണ് ഇതു കുടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."