ഭരണഭാഷ പോലെ പരീക്ഷയും മലയാളത്തിലാകണം: ആര്‍.വി.ജി മേനോന്‍
കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നാം ഭാഷ മലയാളമാക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നപ്പോള്‍ അതിലെ ഉപദേശങ്ങള്‍ സമര്‍പ്പിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. ആര്‍.വി.ജി മേനോന്‍ പി.എസ്.സി പരീക്ഷയില്‍ മലയാള ഭാഷ അവഗണിക്കപ്പെടുന്ന സാഹചര്യം വിലയിരുത്തുന്നു.
എന്തുകൊണ്ടാണ് മലയാളം എന്ന
ആവശ്യത്തിനായൊരു സമരം
2017 മെയ് ഒന്ന് മുതല്‍ സംസ്ഥാനത്തെ സമസ്ത മേഖലകളിലും ഭരണഭാഷ സമ്പൂര്‍ണമായി മലയാളമാണെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഭരണഭാഷ മലയാളമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നൊരു സംസ്ഥാനത്ത് ഭരിക്കുന്നവരെ തിരഞ്ഞെടുക്കുന്ന പരീക്ഷ മലയാളത്തിലാകണമെന്ന സ്വാഭാവികമായ ആവശ്യം നടപ്പാക്കാന്‍ സമരങ്ങളും പ്രക്ഷോഭങ്ങളും വേണ്ടിവന്നു എന്നത് ലജ്ജാകരമാണ്. അതിന് പലവിധത്തിലുള്ള തടസവാദങ്ങളാണ് പരീക്ഷാ നടത്തിപ്പുകാരായ പി.എസ്.സി അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നത്. ഈ സമരം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
എന്തൊക്കെയാണ് അധികൃതര്‍
മുന്നോട്ടുവയ്ക്കുന്ന തടസവാദങ്ങള്‍
പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തിയാല്‍ രഹസ്യസ്വഭാവത്തെ ഇല്ലാതാക്കും, അഥവാ ചോദ്യപ്പേപ്പര്‍ ചോരും എന്നാണ് പി.എസ്.സി മുന്നോട്ടുവയ്ക്കുന്ന ഒരു തടസവാദം. ഇത് ഒരു യഥാര്‍ഥ തടസമല്ല. കാരണം ഇംഗ്ലീഷില്‍ തയാറാക്കുന്ന ചോദ്യപ്പേപ്പര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ വലിയ ഭാഷാ പണ്ഡിതന്മാരെയൊന്നും ആവശ്യമില്ല. മറ്റൊന്ന് പൂള്‍ സിസ്റ്റത്തിലുള്ള ചോദ്യപ്പേപ്പര്‍ വിന്യാസത്തെ തകിടം മറിക്കുമെന്നും ഒ.എം.ആര്‍ ഷീറ്റില്‍ ഇംഗ്ലീഷ് റീഡര്‍ മാത്രമേയുള്ളൂ എന്നുമൊക്കെയാണ്. ഒന്നര ലക്ഷത്തോളം ചോദ്യങ്ങളുള്‍ക്കൊള്ളുന്ന ക്വസ്റ്റിയന്‍ബാങ്ക് സിസ്റ്റം നടപ്പാക്കുന്ന പി.എസ്.സിയെ സംബന്ധിച്ചിടത്തോളം ഈ വാദങ്ങളൊക്കെ നിസാരമായി പരിഹരിക്കാവുന്നതേയുള്ളൂ. ചുരുക്കത്തില്‍ മലയാളത്തില്‍ കൂടി പരീക്ഷ നടത്താന്‍ പ്രായോഗികമായ ഒരു തടസവാദവും നിലവില്‍ ഇല്ല.
ഇംഗ്ലീഷില്‍ തന്നെ ചോദ്യങ്ങള്‍ വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനമെന്താണ്
ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായാണ് ഇംഗ്ലീഷ് ഭാഷയില്‍ പി.എസ്.സി ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നാണ് പറയുന്നത്. പക്ഷേ സത്യത്തില്‍ പി.എസ്.സിയുടെ തന്നെ കണക്ക് പ്രകാരം ഇത് തുലോം തുച്ഛമാണ്. ഏകദേശം 50-60 ആളുകളാണ് ഇത്തരത്തില്‍ ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യുന്നത്. മലയാളത്തിനായി വാദിക്കുമ്പോള്‍തന്നെ ഇതര ഭാഷയെ ആശ്രയിക്കുന്ന ഒരാള്‍ക്കും പരീക്ഷ എഴുതാനുള്ള അവകാശം നിഷേധിക്കപ്പെടരുതെന്ന നിര്‍ബന്ധബുദ്ധിയുള്ളതിനാലാണ് ചോദ്യങ്ങള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തില്‍ കൂടി വേണം എന്ന ആവശ്യമുന്നയിക്കുന്നത്.
വിദ്യാലയങ്ങളിലെ ഒന്നാം ഭാഷ മലയാളമാക്കണമെന്ന റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍
എങ്ങനെയാണ് നടപ്പാക്കിയത്
കേരളത്തിലെ വിദ്യാലയങ്ങളിലെ പഠനത്തിനായി ഒന്നാം ഭാഷ മലയാളമാക്കണമെന്ന ആവശ്യത്തിന്മേലുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ അത് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയി. നടപ്പാക്കാന്‍ കുറച്ചു സമയമെടുത്തെങ്കിലും പൂര്‍ണമായും വിജയകരമായി നടപ്പാക്കാനും അതിന്റെ ഫലം സമൂഹത്തില്‍ പ്രതിഫലിക്കുന്നത് കാണാനുമുള്ള സന്മനസ് സര്‍ക്കാരിനുണ്ടായി. അധികം സങ്കീര്‍ണതകളില്ലാതെ അത്തരത്തില്‍ തന്നെ പരിഹരിക്കേണ്ട ഒരു വിഷയമാണ് പി.എസ്.സിയിലേതും.
കെ.എ.എസിനെ അട്ടിമറിക്കാനുള്ള
ശ്രമം എന്ന വിമര്‍ശനത്തെ എങ്ങനെ
വിലയിരുത്തുന്നു
ഉന്നത ഉദ്യോഗങ്ങളായ ഐ.എ.എസും ഐ.പി.എസുമടക്കമുള്ള സ്ഥാനങ്ങളിലേക്കുള്ള സിവില്‍സര്‍വിസ് പരീക്ഷ പോലും മാതൃഭാഷയില്‍ എഴുതാമെന്നിരിക്കെ സമാന തസ്തികയായ കെ.എ.എസിന് ഇംഗ്ലീഷില്‍ ചോദ്യം വരുന്നുവെന്നത് തന്നെ അപലപനീയമാണ്. കെ.എ.എസിനെ തകര്‍ക്കാനോ അട്ടിമറിക്കാനോ അല്ല ഈ സമരം. പകരം കെ.എ.എസ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഉദ്യോഗങ്ങളിലേക്ക് മലയാളികള്‍ക്ക് അവസരമുണ്ടാക്കാനാണ്.
പ്രായോഗികമായ പരിഹാരമായി
എന്താണ് നിര്‍ദേശിക്കാനുള്ളത്
ഭരണഭാഷാ നയം നടപ്പാക്കാനുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനാണ് കേരള പി.എസ്.സി തൊഴില്‍ പരീക്ഷകള്‍ നടത്തുന്നത്. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അതതു മാതൃഭാഷയിലും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി ഇംഗ്ലീഷിലുമാണ് പരീക്ഷ നടത്തുന്നത്. കേരള പി.എസ്.സിക്ക് മാത്രമാണ് മലയാളത്തോട് അയിത്തം. പി.എസ്.സിയുടെ ഈ നടപടിക്ക് ഇരയാക്കപ്പെടുന്നത് കേരളത്തിലെ ഗ്രാമങ്ങളില്‍നിന്ന് പഠിച്ചെത്തി പരീക്ഷയെഴുതുന്ന സാധാരണക്കാരായ യുവതീയുവാക്കളാണ്. അവസര തുല്യതയാണ് പി.എസ്.സി നിഷേധിക്കുന്നത്. ജനാധിപത്യത്തെ അപമാനിക്കുന്ന ഈ നടപടിക്കെതിരേ കഴിഞ്ഞ കുറേ കാലങ്ങളായി പ്രതിഷേധങ്ങളും സമരങ്ങളും നടന്നുവരുന്നുണ്ട്. ഇതരസംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ സാക്ഷരകേരളം മാതൃകയാക്കി എത്രയും വേഗം ഭാഷാന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ട് മലയാളത്തില്‍ പരീക്ഷകള്‍ നടത്തണം.
(തയാറാക്കിയത്: ആദില്‍ ആറാട്ടുപുഴ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."