കായികാധ്യാപകരുടെ ചട്ടപ്പടി സമരം: സ്‌കൂള്‍ ഗെയിംസ് അവതാളത്തിലാകും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കായികാധ്യാപകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ചട്ടപ്പടി നിസഹകരണ സമരം ഉപജില്ലാ-ജില്ലാതല സ്‌കൂള്‍ ഗെയിംസിനെ അവതാളത്തിലാക്കാന്‍ സാധ്യത. സമരത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനം മികവുള്ള വിദ്യാര്‍ഥികളുടെ കായികാവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. സ്‌കൂള്‍ കായികാധ്യാപകരില്‍ നിക്ഷിപ്തമായ ചുമതലകള്‍ അല്ലാതെ മേള നടത്തിപ്പ് പോലുള്ള അധിക ചുമതലകളൊന്നും ഏറ്റെടുക്കേണ്ടതില്ലെന്നാണ് സംയുക്ത കായികാധ്യാപക സമരസമിതിയുടെ തീരുമാനം. ഓണാവധി കഴിഞ്ഞ് നാളെ സ്‌കൂളുകള്‍ തുറക്കുന്നതിനൊപ്പം തലവേദനയുടെ ദിനങ്ങള്‍ കൂടിയാണ് വിദ്യാഭ്യാസ വകുപ്പ് ഉന്നതാധികാരികളെ കാത്തിരിക്കുന്നത്.
ഈ മാസം അവസാനം മുതല്‍ സംസ്ഥാന സ്‌കൂള്‍ ഗെയിംസിലെ വിവിധയിനങ്ങളും ഒക്ടോബര്‍ മുതല്‍ ദേശീയ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഉപജില്ലാ-ജില്ലാതല സ്‌കൂള്‍ ഗെയിംസ് ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ നടത്തേണ്ടി വരും. എന്നാല്‍, അധ്യാപകര്‍ സഹകരിക്കാതെ മത്സരങ്ങള്‍ എങ്ങനെ നടത്തുമെന്ന കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനും കൃത്യമായ ധാരണയില്ല. ഗെയിംസ് നടത്തിപ്പിനുള്ള ഉപജില്ലാ-ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗങ്ങള്‍ അധ്യാപകര്‍ കൂട്ടത്തോടെ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് അതത് തലങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ തന്നെ നേരിട്ട് സെക്രട്ടറിമാരെ നോമിനേറ്റ് ചെയ്തിരുന്നു.
എന്നാല്‍, നോമിനേറ്റ് ചെയ്യപ്പെട്ട സെക്രട്ടറിമാരില്‍ പലരും നിസഹകരണ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചല്ല സെക്രട്ടറിമാരെ നോമിനേറ്റ് ചെയ്തതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സെക്രട്ടറിമാര്‍ ഉത്തരവാദിത്തം ഏറ്റെടുത്താല്‍ തന്നെ അവര്‍ക്കു മാത്രമായി മേളകള്‍ നടത്താനാകില്ലെന്നതാണ് യാഥാര്‍ഥ്യം.
സംസ്ഥാന സ്‌കൂള്‍ ഗെയിംസിലെ സെപക് താക്രോ, തയ്ക്വാന്‍ഡോ, ത്രോ ബോള്‍, ടെന്നിക്കോയ് തുടങ്ങിയ ഇനങ്ങള്‍ ഈ മാസം അവസാനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയിലുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ഉപജില്ലാ, ജില്ലാതല മത്സരങ്ങള്‍ നടത്തി തീര്‍ക്കുകയെന്നത് കടുത്ത വെല്ലുവിളിയാണ്.
മത്സരങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കുട്ടികളെ സെലക്ട് ചെയ്ത് സംസ്ഥാനതലത്തില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ട്. എന്നാല്‍, ഇത് കഴിവുള്ള കുട്ടികളുടെ അവസരം നിഷേധിക്കപ്പെടാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."